രണ്ടുവയസിനുതാഴെയുളള കുട്ടികളുടെ അമ്മമാരെ ഇലക്ഷന്‍ ഡ്യൂട്ടിയില്‍നിന്ന്‌ ഒഴിവാക്കാന്‍ നിര്‍ദ്ദേശം

നിയമസഭയിലേയ്‌ക്കു നടക്കുന്ന പൊതുതിരഞ്ഞെടുപ്പിന്റെ ഡ്യൂട്ടിയില്‍നിന്ന്‌ ഒഴിവാക്കാന്‍ അഭ്യര്‍ഥിച്ചുകൊണ്ടുളള അപേക്ഷകളില്‍ തീരുമാനമെടുക്കുമ്പോള്‍ രണ്ടുവയസ്സിനുതാഴെ പ്രായമുളള കുട്ടികളുടെ അമ്മമാരെ ഡ്യൂട്ടിയില്‍നിന്ന്‌ ഒഴിവാക്കണമെന്ന്‌ ചീഫ്‌ ഇലക്‌ടറല്‍ ഓഫീസര്‍ ജില്ലാ കളക്‌ടര്‍മാര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി. സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്റെ ശുപാര്‍ശപ്രകാരമാണ്‌ നിര്‍ദ്ദേശം.
കമ്മീഷന്റെ ശുപാര്‍ശപ്രകാരം, രണ്ടുവയസിനുതാഴെ പ്രായമുളള അമ്മമാരെ ഡ്യൂട്ടിയില്‍നിന്ന്‌ ഒഴിവാക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷനും നേരത്തേ തീരുമാനിച്ചിരുന്നു. ദേശീയ മുലയൂട്ടല്‍ നയത്തിന്റെയും ഇതുസംബന്ധിച്ച ലോകാരോഗ്യസംഘടനയുടെ മാര്‍ഗനിര്‍ദ്ദേശത്തിന്റെയും അടിസ്ഥാനത്തിലാണ്‌ സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ ഇത്തരമൊരു ശുപാര്‍ശ നല്‍കിയത്‌.