യേശുദാസിന് ഗുരുവായൂര്‍ ക്ഷേത്ര പ്രവേശനത്തിനായി നിരാഹരം

By സ്വന്തം ലേഖകന്‍ |Story dated:Thursday April 19th, 2012,11 35:am

തൃശൂര്‍ : ഗാനഗന്ധര്‍വ്വന്‍ കെ.ജെ യേശുദാസിനെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കയറ്റണമെന്നാവശ്യപ്പെട്ട് ജനസേവ മുന്നണി എന്ന സന്നദ്ധ സംഘടന നിരാഹാര സമരത്തിനൊരുങ്ങുന്നു.

ഗുരുവായൂര്‍ അമ്പലത്തില്‍ ദര്‍ശനം നടത്തുക എന്ന ആഗ്രഹം യേശുദാസ് പലപ്പോഴും പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ ഹിന്ദു മത വിശ്വാസിയല്ലെന്ന കാരണത്താല്‍ അദേഹത്തിന് ക്ഷേത്ര പ്രവശനം അനുവദിക്കാനാവില്ലെന്ന നിലപാടിലാണ് ക്ഷേത്ര ഭാരവാഹികള്‍.

എന്നാല്‍ ഏതൊരു വിശ്വാസിക്കും ഗുരുവായൂരപ്പനെ തൊഴാനുള്ള അവസരം ഉണ്ടാക്കി കൊടുക്കുകയെന്നതാണ് തങ്ങളുടെ സംഘടനയുടെ ലക്ഷ്യമെന്നും, അതുകൊണ്ടു തന്നെ ഈ ആവശ്യം നേടിയെടുക്കാനായി മെയ് ഒന്നിന് രാവിലെ മുതല്‍ മജ്ഞുളാല്‍ പരിസരത്ത് ജനസേവ മുന്നണി പ്രവര്‍ത്തകര്‍ നിരാഹാര സമരം നടത്തുമെന്ന് സംഘടനയുടെ പ്രസിഡന്റ് സോമന്‍ പിള്ള വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ക്ഷേത്രാധികൃതര്‍ തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ അനിശ്ചിതകാല നിരാഹാരം നടത്തുമെന്നും സംഘടനാ നേതാക്കള്‍ പറഞ്ഞു