യൂത്തന്‍മാര്‍ അതിരുവിട്ടു ; കിട്ടി സുനന്ദാ പുഷ്‌ക്കറിന്റെ കയ്യില്‍ നിന്ന് തല്ല്.

തിരു: മന്ത്രി ശശി തരൂരിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയ ആവേശം മൂത്ത യൂത്തുകാരില്‍ ചിലര്‍ അതിരുവിട്ടു പെരുമാറിയപ്പോള്‍ തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌ക്കറിനും രക്ഷയില്ലാതായി.

വിമാനത്താവളത്തില്‍ സ്വീകരണത്തിനെത്തിയ യൂത്ത്‌കോണ്‍ഗ്രസിന്റെയും കെഎസ്‌യുവിന്റെയും പ്രവര്‍ത്തകരില്‍ ചിലരാണ് പച്ച ചുരിദാറണിഞ്ഞെത്തിയ സുനന്ദയെ വളഞ്ഞത്. ഇതിനിടയില്‍ ഒരാള്‍ സുനന്ദയെ ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ സുനന്ദ ശരിക്കും പ്രതികരിച്ചു. തന്നോട് അധിക്രമം കാണിച്ച യുവാവിനെ കൈവീശി അടിച്ചു. പിന്നീട് യൂത്തന്‍മാരുടെ കുട്ടത്തിലുളളവര്‍ തന്നെ സുനന്ദാ പുഷ്‌ക്കറിന് സംരക്ഷണം തീര്‍ക്കുകയായിരുന്നു.

സ്വീകരണം കൊഴുത്തപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും കിട്ടി ചെറിയരീതിയിലുള്ള തല്ല്. പോലീസാകട്ടെ ഈ സമയത്ത് വിനീത വിധേയരായി മാറിനില്‍ക്കുകയായിരുന്നു.

ഫോട്ടോ കടപ്പാട് : കേരളകൗമുദി