യുവ ജനങ്ങള്‍ക്ക്‌ ട്രാഫിക്‌ നിയമ ബോധവത്‌ക്കരണം: ‘പ്രിയ സഹയാത്രികന്‌’ പ്രദര്‍ശനം തുടങ്ങി

MSPമലപ്പുറം: വിദ്യാര്‍ഥികളെയും യുവാക്കളെയും ട്രാഫിക്ക്‌ നിയമങ്ങളെക്കുറിച്ച്‌ ബോധവാന്മാരാക്കുന്നതിന്‌ സംസ്ഥാന അഭ്യന്തര വകുപ്പിന്റെ അംഗീകാരത്തോടെ തയ്യാറാക്കിയ ഷോര്‍ട്ട്‌ ഫിലിം പ്രദര്‍ശനം തുടങ്ങി. പരിപാടിയുടെ ജില്ലാതല ഉദ്‌ഘാടനവും വാഹനത്തിന്റെ ഫ്‌ലാഗ്‌ ഓഫും മലപ്പുറം എം.എസ്‌.പി. സ്‌കൂള്‍ അങ്കണത്തില്‍ എം.എസ്‌.പി. കമാണ്ടന്റ്‌ ഉമാ ബെഹ്‌റ നിര്‍വഹിച്ചു. ജില്ലാ പൊലീസ്‌ മേധാവി ദേബേഷ്‌കുമാര്‍ ബെഹ്‌റ, ‘വരദം’ മീഡിയ ഡയറക്‌ടര്‍ ഉണ്ണി, എം.എസ്‌.പി. ഡെപ്യൂട്ടി കമാന്‍ഡന്റ്‌ കുരികേശ്‌ മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.
കോഴിക്കോട്‌ ‘വരദം’ മീഡിയ സെന്ററിന്റെ സാങ്കേതിക സഹകരണത്തോടെ നിര്‍മിച്ച ‘പ്രിയ സഹയാത്രികന്‌’ എന്ന ഷോര്‍ട്ട്‌ ഫിലിം ജില്ലയിലെ ഹൈസ്‌കൂളുകളിലും ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലും കോളെജുകളിലും പ്രദര്‍ശിപ്പിക്കുന്നതിനും കുട്ടികളുടെ അഭിപ്രായങ്ങള്‍ ആരായുന്നതിനുമുള്ള പദ്ധതി ജില്ലാ പൊലീസിന്റെ നേതൃത്വത്തിലാണ്‌ സംഘടിപ്പിക്കുന്നത്‌. പ്രദര്‍ശനം ഒരു മാസം നീണ്ടുനില്‍ക്കും. എല്‍.ഇ.ഡി. സ്‌ക്രീനില്‍ കാണിക്കുന്ന ചലച്ചിത്രം എല്ലാ സ്‌കൂളികളിലും പ്രദര്‍ശിപ്പിക്കുന്നതിന്‌ പ്രത്യേക വാഹനം സജ്ജമാക്കിയിട്ടുണ്ട്‌. പൊതുജനങ്ങള്‍ക്കും ചലച്ചിത്രം കാണാന്‍ അവസരമുണ്ട്‌. ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലും, പൊതുസ്ഥലങ്ങളിലും ഷോര്‍ട്ട്‌ ഫിലിം പ്രദര്‍ശിപ്പിക്കുമെന്ന്‌ ജില്ലാതല കോഡിനേറ്റര്‍ അബ്‌ദുല്‍ റഷീദ്‌ പറഞ്ഞു. സാമൂഹിക പ്രതിബന്ധതയോടെ നടത്തുന്ന ഇത്തരം പദ്ധതികളോട്‌ എല്ലാവരും സഹകരിക്കണമെന്ന്‌ ജില്ലാ പൊലീസ്‌ മേധാവി അഭ്യര്‍ഥിച്ചു.