യുവാവിനെ പട്ടാപ്പകല്‍ തല്ലിക്കൊന്ന സംഭവം; പ്രതികളെ തെളിവെടുപ്പിനെത്തിച്ചു

Untitled-2തിരുവനന്തപുരം: വക്കത്ത്‌ പട്ടാപ്പകല്‍ യുവാവിനെ തല്ലിക്കൊന്ന സംഭവത്തില്‍ അറസ്റ്റിലായ പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുവന്നു. വക്കം മാര്‍ത്താണ്ഡം കുട്ടി സ്‌മാരകത്തിന്‌ സമീപം വലിയവീട്ടില്‍ സഹോദരങ്ങളായ സതീഷ്‌(22), സന്തോഷ്‌(23), വക്കം കുഞ്ചാല്‍വിളാകം വീട്ടില്‍ ഉണ്ണിക്കുട്ടന്‍ എന്ന വിനായക്‌(21), വക്കം അണയില്‍ കുത്തുവിളാകം വീട്ടില്‍ കിരണ്‍കുമാര്‍(22) എന്നിവരെയാണ്‌ പോലീസ്‌ രാവിലെ തെളിവെടുപ്പ്‌ നെത്തിച്ചത്‌.

ആറ്റിങ്ങല്‍ ഡവൈഎസ്‌പി ആര്‍. പ്രതാപന്‍ നായരുടെ നേതൃത്വത്തില്‍ വന്‍ പോലീസ്‌ സംഘത്തിന്റെ അകമ്പടിയോടെയാണ്‌ തെളിവെടുപ്പ്‌ നടത്തിയത്‌. കൊല്ലപ്പെട്ട ഷെബീറിനെ മര്‍ദ്ദിക്കുന്നതിന്‌ ഉപയോഗിച്ച കല്ല്‌, ഇടിക്കട്ട, തടികഷ്‌ണം എന്നിവ ഒളിപ്പിച്ച സ്ഥലം പോലീസിന്‌ പ്രതികള്‍ കാണിച്ചുകൊടുത്തു. കേസിലെ അഞ്ച്‌ പ്രതികളെയും ചൊവ്വാഴ്‌ച തന്നെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. ആലപ്പുഴയിലെയും തമിഴ്‌നാട്ടിലെയും ഒളിസങ്കേതത്തില്‍ നിന്നാണ്‌ പ്രതികളെ പോലീസ്‌ പിടികൂടിയത്‌.

കഴിഞ്ഞ ഞായറാഴ്‌ച വൈകുന്നേരം അഞ്ചരയോടെയാണ്‌ വക്കം പുത്തന്‍നട ക്ഷേത്രത്തിനു സമീപം തോപ്പിക്കവിള റെയില്‍വേ ഗേറ്റിനടുത്ത്‌ വെച്ച്‌ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഷെബീറിനെയും ഉണ്ണികൃഷ്‌ണനെയും അക്രമി സംഘം അടിച്ചു വീഴ്‌ത്തിയത്‌. ഷെബീര്‍ ആശുപത്രിയില്‍ വെച്ച്‌ മരിച്ചു. ഉണ്ണികൃഷ്‌ണന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്‌.

വര്‍ഷങ്ങളായുള്ള കുടിപ്പകയാണ്‌ കൊലപാതകത്തില്‍ കലാശിച്ചതെന്ന്‌ പോലീസ്‌ പറഞ്ഞു. കൊല്ലപ്പെട്ട ഷെബീറുള്‍പ്പെടുന്ന സംഘം കഴിഞ്ഞദിവസം പ്രതികളുടെ വീട്‌ ആക്രമിച്ചതിന്‌ പ്രതികാരമായിട്ടാണ്‌ കൊലപാതകം. 302,307 വകുപ്പുകള്‍ ചുമത്തിയാണ്‌ പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്‌.