യുഡിഎഫ്‌ അധികാരത്തില്‍ വന്നാല്‍ തമിഴ്‌നാട്ടിലേക്ക്‌ താമസം മാറ്റും;ബാലകൃഷ്‌ണപിള്ള

Balakrishna_Pillai_801740fആലപ്പുഴ: യുഡിഎഫ്‌ അധികാരത്തില്‍ വീണ്ടും വരികയാണെങ്കില്‍ താന്‍ തമിഴ്‌നാട്ടിലേക്ക്‌ താമസം മാറ്റുമെന്ന്‌ കേരള കോണ്‍ഗ്രസ്‌ ബി ചെയര്‍മാന്‍ ആര്‍.ബാലകൃഷണപിള്ള. 10 സെന്റ്‌ സ്ഥലം തമിഴ്‌നാട്ടില്‍ വാങ്ങിയാല്‍ യുഡിഎഫ്‌ ഭരണത്തില്‍ ഇവിടെ താമസിക്കുന്നതിനേക്കാള്‍ നന്നായി കഴിയാനാകുമെന്നും അദേഹം പറഞ്ഞു.

ബിജെപിയോടും ആര്‍എസിഎസിനോടും കൂട്ടുചേര്‍ന്ന്‌ വെള്ളാപ്പള്ളിയും കൂട്ടരും ജാതിയും മതവും പറഞ്ഞ്‌ വോട്ടിന്‌ ശ്രമിക്കുന്നത്‌ ശ്രീനാരായണ ഗുരുവിനെ നിന്ദിക്കലാണെന്നും ഇടതുപക്ഷത്തിന്റെ വോട്ട്‌ ചോര്‍ത്തി ഉമ്മന്‍ചാണ്ടിയെ സഹായിക്കുകയാണ്‌ ഇവരുടെ ലക്ഷ്യമെന്നും അത്‌ ഇനി ഒരുതരത്തിലും വിലപ്പോവില്ലെന്നും ബാലകൃഷ്‌ണപിള്ള പറഞ്ഞു.

വെള്ളാപ്പള്ളി ചീത്തവിളിക്കുന്നവരെ ജനങ്ങള്‍ സംരക്ഷിക്കുന്നതാണ്‌ ചരിത്രമെന്നും അഴിമതിയും കൊള്ളരുതായ്‌മകളുമാണ്‌ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നടന്നതെന്നും അദേഹം പറഞ്ഞു. ആലപ്പുഴ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ എല്‍ഡിഎഫ്‌ പ്രചാരണ പരിപാടിയില്‍ സംസാരിക്കവെയാണ്‌ അദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്‌.

യുഡിഎഫിന്റെ ഭാഗമായിരുന്ന ബാലകൃഷ്‌ണപിള്ള മകന്‍ ഗണേഷിന്റെ മന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങളെ തുടര്‍ന്നാണ്‌ നേതൃത്വവുമായി ഇടയുന്നത്‌. അതിനിടെ സര്‍ക്കാരിലെ ചില പ്രമുഖരുടെ അഴിമതിക്കെതിരെ പിള്ളയും ഗണേഷ്‌ കുമാറും രംഗത്തെത്തിയതും ബന്ധം വഷളാക്കി. തുര്‍ന്നാണ്‌ ഇരുവരും മുന്നണിവിട്ട്‌ പുറത്തുപോന്നത്‌.