ചെരുപ്പടി മല

                                           ചെരുപ്പടി മല  

ജിതിന്‍ ഭഗത്                                                                                             ഫോട്ടോ:  ബിജു ഇബ്രാഹിം

 മലപ്പുറം ജില്ലയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളില്‍ ഒന്നാണ് ചെരുപ്പടി മല. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 1300 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഇവിടം പ്രകൃതി ഭംഗിയാല്‍ അനുഗ്രഹീതമാണ്.

 

ചുറ്റിലും തിങ്ങിനിറഞ്ഞു നില്‍ക്കുന്ന പച്ചപുതച്ച മരങ്ങളും ചുറ്റുമുള്ള കുന്നുകളും വശ്യമായൊരു സൗന്ദര്യവും ഈ പ്രദേശത്തിന് നല്‍കുന്നു. ശിശിരകാലങ്ങളില്‍ നേര്‍ത്ത മഞ്ഞിന്റെ മൂടുപടമണിഞ്ഞു നില്‍ക്കുന്ന ഇവിടം ഏതൊരാളിന്റയും മനസ്സും ശരീരവും കുളിരേകുവാന്‍ പോന്നതാണ്. ഇളം തണുപ്പുള്ള സുഖമാര്‍ന്ന കാലാവസ്ഥ ഈ പ്രദേശത്തിന് ‘മിനി ഊട്ടി’ എന്നൊരു പേരു കൂടി നല്‍കി.

 

ക്വാറികളുടെ പ്രവര്‍ത്തനഫലമായി രൂപംകൊണ്ട ആഴമേറിയ അനേകം ചെറു തടാകങ്ങള്‍ മനസ്സില്‍ ഭീതിയുളവാക്കുന്ന ഒരു സാഹസികയാത്രിയുടെ അനുഭവം കൂടി നല്‍കുന്നു. ഇവിടേക്കുള്ള ഇടുങ്ങിയ വളഞ്ഞു പുളഞ്ഞ റോഡുകള്‍ യാത്രയെ കൂടുതല്‍ രസകരമാക്കുന്നു.

 

ചെരുപ്പടിമലയുടെ ഏറ്റവും മുകളില്‍ എത്തിച്ചേരുമ്പോള്‍ നമ്മളെ കാത്തിരിക്കുന്നത് മറ്റൊരു അദ്ഭുതകാഴ്ചയാണ്. കോഴിക്കോട്
വിമാനത്താവളത്തിന്റെ വ്യക്തവും മനോഹരവുമായ ദൃശ്യം ഇവിടെനിന്ന് ആസ്വദിക്കാം. കൂടാതെ വിമാനത്താവളത്തിന്റെ റണ്‍വേയില്‍ നിന്ന് വിമാനങ്ങള്‍ പറന്നുയരുന്നതും താഴ്ന്നിറങ്ങുന്നതും ഇവിടെനിന്നും വ്യക്തമായി കാണാന്‍ സാധിക്കും.

ഇന്ന് വാരാന്ത്യങ്ങളിലും ആഘോഷദിവസങ്ങളിലും വളരെയധികം തിരക്കുള്ള ഒരു പ്രാദേശിക വിനോദസഞ്ചാര കേന്ദ്രമായി ചെരുപ്പടി മല മാറിയിരിക്കുന്നു. ജില്ലയുടെ എല്ലാഭാഗങ്ങളില്‍ നിന്നും സഞ്ചാരമാര്‍ഗ്ഗങ്ങളുള്ള ഇവിടേക്ക് കൊണ്ടോട്ടിയില്‍ നിന്ന് കണ്ണമംഗലം വഴിയും വേങ്ങരയില്‍ നിന്ന് അച്ചനമ്പലം വഴിയും എളുപ്പത്തില്‍ എത്തിചോവുന്നതാണ്.