യാത്രകള്‍ മനുഷ്യരെ സംസ്‌കാര സമ്പന്നരാക്കും – മന്ത്രി എ.പി അനില്‍കുമാര്‍

Logo Prakashanam  03മലപ്പുറം: കൂടുതല്‍ യാത്രകള്‍ നടത്തുന്നത്‌ ചിന്തകളിലും കാഴ്‌ചപ്പാടുകളിലും വിശാലതയുണ്ടാക്കാന്‍ സഹായകമാവുമെന്ന്‌ ടൂറിസം മന്ത്രി എ.പി അനില്‍കുമാര്‍ പറഞ്ഞു. ഡി.ടി.പി.സി യുടെ നേതൃത്വത്തില്‍ രൂപീകരിച്ച ‘ഫ്രണ്ട്‌സ്‌ ഓഫ്‌ ഗ്രീനറീസ്‌’ യാത്രകൂട്ടായ്‌മയുടെ ലോഗോ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. യാത്രകള്‍ നമ്മെ സംസ്‌കാര സമ്പന്നരാക്കും. ലോകം മുഴുവന്‍ ഒന്നായി കാണാന്‍ യാത്രകള്‍ സഹായകമാവുമെന്നും മന്ത്രി പറഞ്ഞു. പാണക്കാട്‌ സയ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങള്‍ അധ്യക്ഷനായി. ഡി.ടി.പി.സി സെക്രട്ടറി വി. ഉമ്മര്‍ കോയ, ഡി.ടി.പി.സി എക്‌സി. കമ്മിറ്റി അംഗങ്ങളായ എം.കെ മുഹ്‌സിന്‍, എ.കെ.എ നസീര്‍, ഫ്രണ്ട്‌സ്‌ ഓഫ്‌ ഗ്രീനറീസ്‌ പ്രസിഡന്റ്‌ ഹാറൂണ്‍ റഷീദ്‌, സെക്രട്ടറി ടി.എ ജോയ്‌, സമീര്‍ വാളന്‍ എന്നിവര്‍ സംസാരിച്ചു. ലോഗോ ഡിസൈന്‍ ചെയ്‌ത സജി ചെറുകരക്ക്‌ മന്ത്രി ഉപഹാരം നല്‍കി.
സ്ഥിരം യാത്രികര്‍ക്കും യാത്ര ഇഷ്‌ടപെടുന്നവരുടെയും കൂട്ടായ്‌മയാണ്‌ ഡി.ടി.പി.സിയുടെ ആഭിമുഖ്യത്തില്‍ രൂപീകരിച്ചത്‌. യാത്ര കൂട്ടായ്‌മയിലെ അംഗങ്ങള്‍ക്കായി വിവിധ പരിപാടികള്‍ ഡി.ടി.പി.സി ആസൂത്രണം ചെയ്‌തിട്ടുണ്ട്‌. ആദ്യ ഘട്ടമായി മലപ്പുറത്തെ വിവിധ സ്ഥലങ്ങളിലേക്ക്‌ യാത്രകള്‍ നടത്തും. കൂട്ടായ്‌മയിലെ അംഗങ്ങള്‍ക്കായി ക്യാംപുകളും വിവിധ പ്രവര്‍ത്തനങ്ങളും നടത്തും. അംഗങ്ങളുടെ യാത്രാ വിവരണം പ്രസിദ്ധപ്പെടുത്തുന്നതിനും കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനുമുള്ള അവസരവുമുണ്ടാവും. അവരുടെ ഫോട്ടോ പ്രദര്‍ശനം അനുഭവ വിവരണം എന്നിവ നടത്തും. യാത്രക്കിടയിലെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനും സൂക്ഷിക്കുന്നതിനുമുള്ള പരിശീലനവും നല്‍കും. സാഹസിക യാത്ര ഇഷ്‌ടപെടുന്നവര്‍ക്കായി അതിനുള്ള അവസരവും നല്‍കും. ജില്ലയുടെ പുറത്ത്‌ പോകുന്നവരിലൂടെ ജില്ലയുടെ ടൂറിസം സാധ്യതകള്‍ പകര്‍ന്ന്‌ നല്‍കുന്നതിനുള്ള നടപടിയും സ്വീകരിക്കും.
അംഗമാവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാം. താത്‌പര്യമുള്ളവര്‍ malappuramtourism.org യില്‍ രജിസ്റ്റര്‍ ചെയ്യണം. കൂട്ടായ്‌മയുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളും ഓണ്‍ലൈനിലൂടെ നല്‍കാം. ഫോണ്‍ 0483 2731504