മോഷ്ടാവെന്നു സംശയിച്ച യുവാവിനെ മര്‍ദ്ദിച്ചു തടയാന്‍ ശ്രമിച്ച പോലീസിനെ ആക്രമിച്ചു.

വള്ളിക്കുന്ന് :വള്ളിക്കുന്ന് ആനങ്ങാടിയില്‍ മോഷ്ടാവാണെന്ന് സംശയിക്കുന്ന ആളെ രാത്രി പതിനൊന്നരയോടു കൂടി നാട്ടുകാര്‍ പിടികൂടി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസിന്റെ കൂടെ ഇയാളെ വിടാന്‍ ജനങ്ങള്‍ തയ്യാറായില്ല. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ജനങ്ങള്‍ പോലീസിനെ അക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ പരപ്പനങ്ങാടി എസ്.ഐ മോഹനനും പോലീസുകാരായ രാജേഷ്, മിഥേഷ്്,പ്രതീപ്് എന്നിവര്‍ക്കും പരിക്കേറ്റു. പോലീസ് ജീപ്പിന്റെ സൈഡ് മിററുകള്‍ നശിപ്പിക്കുകയും ചെയ്തു. താനൂര്‍ സിഐയുടെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസെത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്്.

മോഷ്ടാവെന്നു സംശയിക്കുന്ന അലക്കല്‍ വീട്ടില്‍ രാഘവന്റെ മകന്‍ വിനോദ്കുമാര്‍ കെ.ആര്‍ (35) എന്നയാളെയും പൊതുമുതല്‍ നശിപ്പിച്ചതിനും, കൃത്യനിര്‍വ്വഹണത്തില്‍ തടസ്സംവരുത്തിയതിനും സംഭവസ്ഥലത്ത് നിന്ന് പാിഹൗസില്‍ അബ്ദുള്ളക്കുട്ടിയുടെ മകന്‍ അനീസ് (22) മുടന്തത്തിന്റെ പുരക്കല്‍ മുഹമ്മദ്‌കോയയുടെ മകന്‍ താരീഖ് (22), കുട്ടികോയാന്റെ പുരക്കല്‍ മൊയ്തീന്റെ മകന്‍ അന്‍വര്‍ സാദിഖ് (30), പാിഹൗസില്‍ ഹംസകോയയുടെ മകന്‍ മുഹമ്മദ് മുസ്തഫ (23), പരീച്ചന്റെ പുരക്കല്‍ ഹസ്സന്‍കുഞ്ഞിന്റെ മകന്‍ ഹര്‍ഷദ് എന്നിവരെയും കസ്റ്റഡിയിലെടുത്തു.

താന്‍ ഓട്ടോതൊഴിലാളിയാണെന്നും ട്രെയിന്‍ ഇറങ്ങി നടന്നു പോവുകയാണെന്നുമാണ് വിനോദ്കുമാറിന്റെ വാദം. ആനങ്ങാടി, വള്ളിക്കുന്ന് പ്രദേശം ഏറെനാളായി മോഷ്ടാക്കളുടെ ഭീഷണിയിലായിരുന്നു. പോലീസ് വേണ്ടത്ര കാര്യക്ഷമമല്ല എന്ന് പരക്കെ ആക്ഷേപവും നിലവിലുണ്ട്.
കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ആനങ്ങാടിയിലെ നാട്ടുകാര്‍ എത്തിയത് പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് സംഘര്‍ഷാവസ്ഥയുണ്ടാക്കി. പിന്നീട് തിരൂര്‍ മജിസ്‌ട്രേറ്റിനുമുമ്പാകെ ഹാജരാക്കിയ ഇവരെ ജാമ്യത്തില്‍ വിടുകയായിരുന്നു.