മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകത്തെ മാപ്പിള കലാ അക്കാദമിയായി ഉയര്‍ത്തും

കൊണ്ടോട്ടി: മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകത്തെ അടുത്ത സാമ്പത്തിക വര്‍ഷം മാപ്പിള കലാ അക്കാദമിയായി ഉയര്‍ത്തുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി കെ.സി. ജോസഫ് പ്രഖ്യാപിച്ചു. വൈദ്യര്‍ സ്മാരകം വിപുലീകരിക്കണമെന്ന ആവശ്യം പ്രസക്തമാണ്. ഇവിടെ ഗവേഷണ സൗകര്യവും മ്യൂസിയവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് ഗൗരവമായ പരിഗണന തന്നെയുണ്ടാകും. മതേതര മൂല്യങ്ങളെ സംരക്ഷിക്കാന്‍ മാപ്പിളപ്പാട്ടുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഇത് കൊണ്ട് തന്നെ ഈ സ്ഥാപനം നന്നായി നടത്താന്‍ ആവശ്യമായ ഫണ്ട് നല്‍കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി.

വൈദ്യര്‍ മഹോത്സവത്തിന്റെ അവസാന ദിവസത്തില്‍ നടന്ന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മാപ്പിളപ്പാട്ട് രംഗത്തെ സമഗ്ര സംഭാവനക്കുള്ള അവാര്‍ഡ് എരഞ്ഞോളി മൂസക്കും, വൈദ്യര്‍ മഹോത്സവത്തിന്റെ ഭാഗമായി നടന്ന വിവിധ മല്‍സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങളും മന്ത്രി വിതരണം ചെയ്തു. വൈദ്യര്‍ രാവ് ചലച്ചിത്ര നടന്‍ സിദ്ധീഖ് ഉദ്ഘാടനം ചെയ്തു. മന്ത്രി അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങില്‍ വൈദ്യര്‍ സ്മാരക കമ്മിറ്റി അംഗം സി.പി. മുഹമ്മദ് എംഎല്‍എ അധ്യക്ഷത വഹിച്ചു. കെ. മുഹമ്മദുണ്ണി ഹാജി എംഎല്‍എ. അഡ്യ. കെഎന്‍എ ഖാദര്‍ എംഎല്‍എ, കേരള ഫോക് ലോര്‍ അക്കാദമി ചെയര്‍മാന്‍ പ്രൊഫ. ബി. മുഹമ്മദ് അഹമ്മദ്, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി. മുസ്തഫ തങ്ങള്‍, കെ.പി.യു. അലി, പി. ഷംസുദ്ദീന്‍ എടവണ്ണ, കീലി സുട്ടന്‍, സി.പി. സൈതലവി, ആസാദ് വണ്ടൂര്‍, എ.കെ. അബ്ദുറഹിമാന്‍, സീതി കെ. വയലാര്‍ പ്രസംഗിച്ചു.

വൈദ്യര്‍ രാവില്‍ മൂസ എരഞ്ഞോളി, നിലമ്പൂര്‍ ഷാജി, കെ.വി. അബൂട്ടി, റംല ബീഗം, അസീസ് തായ്‌നേരി, ഫിറോസ് ബാബു, വിളയില്‍ ഫസീല, ലിപി. അക്ബര്‍, വണ്ടൂര്‍ ജലീല്‍, നസീബ്, പള്ളിക്കല്‍ മൊയ്തീന്‍, ഹംസ ഖാന്‍, എം. ജയഭാരതി എന്നിവര്‍ ഗാനങ്ങള്‍ അര്‍പ്പിച്ചു.