മൊബൈല്‍ ഫോണില്‍ സംസാരിച്ച രണ്ട് .യുവാക്കള്‍ കിണറ്റില്‍ വീണു.

തേഞ്ഞിപ്പലം: ചേളാരിയില്‍ കിണറ്റില്‍ വീണ രണ്ടു യുവാക്കളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. വെളിമുക്ക് സ്വദേശികളായ യുവാക്കളാണ് കിണറ്റില്‍ വീണത്. മൊബൈലില്‍ സംസാരിക്കുന്നതിനിടെ ആള്‍മറയില്ലാത്ത കിണറിലേക്ക് ഒരാള്‍ വീണപ്പോള്‍ കൂടെയുള്ളയാള്‍ രക്ഷിക്കുന്നതിനിടയിലാണ് രണ്ടാമനും വീണതെന്നാണ് നിഗമനം. ശനിയാഴ്ച രാത്രി ഏഴുമണിയോടെയാണ് അപകടം നടന്നത്.

ചേളാരിയിലെ ചെനക്കലങ്ങാടി റോഡിലെ സ്വകാര്യാശുപത്രിക്ക് പിറകിലുള്ള കിണറ്റിലാണ് യുവാക്കള്‍ വീണത്. നിസാരപരിക്കേറ്റ രണ്ടുപേരെയും ഫറോക്ക് ചുങ്കം സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആള്‍താമസമില്ലാത്ത സ്ഥലത്ത് യുവാക്കള്‍ എത്തിയത് ദൂരൂഹത ഉയര്‍ത്തിയിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ തേഞ്ഞിപ്പലം പോലീസ് യുവാക്കളെ ചോദ്യം ചെയ്തു.