മൊബൈല്‍ ടവറുകള്‍ റേഡിയേഷന്‍ പരിധി ലംഘിക്കുന്നില്ല

imagesമലപ്പുറം: ജില്ലയിലെ മൊബൈല്‍ ടവറുകള്‍ അനുവദിക്കപ്പെട്ട റേഡിയേഷന്‍ പരിധി ലംഘിക്കുന്നതായി കണ്ടെത്താനായിട്ടില്ലെന്ന്‌ ടെലകോം എന്‍ഫോഴ്‌സ്‌മെന്റ്‌, റിസോഴ്‌സസ്‌ ആന്‍ഡ്‌ മോണിറ്ററിങ്‌ സെല്‍ (ടേം- കേരള) ഡയറക്‌ടര്‍ ടി. ശ്രീനിവാസന്‍ പറഞ്ഞു. എ.ഡി.എം. കെ.രാധാകൃഷ്‌ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ടെലകോം സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുതായി മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുമ്പോള്‍ മനുഷ്യന്‌ ഹാനികരമാവുന്ന രീതിയില്‍ റേഡിയേഷന്‍ ഉണ്ടാവുമെന്ന ആശങ്ക വേണ്ടെന്നും റേഡിയേഷന്‌ സര്‍ക്കാര്‍ പരിധി നിശ്ചയിച്ചിട്ടുണ്ടെന്നും അത്‌ പരിശോധിക്കാന്‍ സംവിധാനങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൊബൈല്‍ ടവറുകള്‍ അപകടകരമല്ലാത്ത റേഡിയോ തരംഗങ്ങളാണ്‌ പ്രസരിപ്പിക്കുന്നത്‌. എക്‌സറേ, ഗാമ രശ്‌മികള്‍ പോലെ അപകടകരമല്ല ഈ റേഡിയേഷന്‍. മൊബൈല്‍ ടവറുകള്‍ക്ക്‌ അന്താരാഷ്‌ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട റേഡിയേഷന്‍ അളവിന്റെ 10 ശതമാനമാണ്‌ ഇന്ത്യാ ഗവണ്‍മെന്റ്‌ അംഗീകരിച്ചിട്ടുള്ളത്‌. ഒരു ചതുരശ്ര മീറ്ററില്‍ 400 മില്ലി വാട്ട്‌ ആണ്‌ അംഗീകരിക്കപ്പെട്ട പരിധി. ഒരു സ്ഥലത്ത്‌ കൂടുതല്‍ ടവറുകളുണ്ടെങ്കിലും ഈ പരിധി കവിയാന്‍ പാടില്ല. റേഡിയേഷന്‍ ദൈര്‍ഘ്യം പരിശോധിക്കുന്നതിന്‌ ഉപകരണമുണ്ട്‌. ടെലികമ്യൂണിക്കേഷന്‍സ്‌ വകുപ്പിന്റെ ഫീല്‍ഡ്‌ യൂനിറ്റായ ടെലകോം എന്‍ഫോഴ്‌സ്‌മെന്റ്‌, റിസോഴ്‌സസ്‌ ആന്‍ഡ്‌ മോണിറ്ററിങ്‌ സെല്ലാണ്‌ പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ്‌ നല്‍കുന്നത്‌. ജില്ലയിലെ 1200 ഓളം ടവറുകളിലെ 3805 ബേസ്‌ ട്രാന്‍സ്‌റസീവര്‍ സ്റ്റേഷനു(ബി.ടി.എസ്‌.)കളില്‍ 600 എണ്ണം പരിശോധനാ വിധേയമാക്കിയതില്‍ എല്ലാം 40 മില്ലി വാച്ചില്‍ താഴെയാണെന്നാണ്‌ കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.കേരള ബില്‍ഡിങ്‌ ചട്ടപ്രകാരം മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുന്നതിന്‌ അനുമതി നല്‍കുന്നത്‌ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളാണ്‌. അതിന്റെ റേഡിയേഷന്‍ ദൈര്‍ഘ്യം കേന്ദ്ര ടെലകോം മന്ത്രാലയത്തിനു കീഴിലുള്ള ടെലകോം എന്‍ഫോഴ്‌സ്‌മെന്റ്‌, റിസോഴ്‌സസ്‌ ആന്‍ഡ്‌ മോണിറ്ററിങ്‌ സെല്‍ പരിശോധിച്ച്‌ സര്‍ട്ടിഫിക്കറ്റ്‌ നല്‍കണം. മൊബൈല്‍ ടവര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട ഏഴ്‌ പരാതികളാണ്‌ ഡിസംബര്‍ ഒന്നിനു ചേര്‍ന്ന ജില്ലാ ടെലികോം സമിതി യോഗം പരിഗണിച്ചത്‌.