മൈസൂര്‍ കല്ല്യാണം: പെണ്‍കുട്ടികളെ കൊലപ്പെടുത്തിയതായ്‌ വെളിപ്പെടുത്തല്‍

പെണ്‍കുട്ടികളെ ലൈംഗിക തൊഴിലിന്  ഉപയോഗിക്കുന്നു

മൈസൂര്‍: മലബാറില്‍ നടക്കുന്ന മൈസൂര്‍ കല്ല്യാണങ്ങളില്‍ പെട്ടുപോയ പെണ്‍കുട്ടികളെ ലൈംഗിക തൊഴിലിന് ഉപയോഗിക്കുന്നതായും ഒരു പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതായും വെളിപ്പെടുത്തലുകള്‍.

മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ സ്വദേശിനി അലീമയെയാണ് 2011 ഒക്ടോബര്‍ 31 ന് ഭര്‍ത്താവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയതായി വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്്. ഇയാള്‍ക്കെതിരെ കേസെടുക്കാന്‍ പോലും മൈസൂര്‍ പോലീസ് തയ്യാറായട്ടില്ല.. മൈസൂരില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരാണ് ഇത്തരത്തില്‍ ക്രൂരമായ ആക്രമിണത്തിന് വിധേയരാകുന്നത്.
മൈസൂര്‍ കല്ല്യാണങ്ങളിലൂടെ ഇവിടയെത്തുന്ന പല പെണ്‍കുട്ടികളെയും ലൈംഗിക തൊഴിലിനായി ഭര്‍ത്താക്കന്‍മാര്‍ തന്നെ ഉപയോഗിക്കുന്നതായുള്ള വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്. ഇന്ത്യാവിഷന്‍ റിപ്പോര്‍ട്ടര്‍ ഫൗസിയാ മുസ്തഫയാണ് ആയിരക്കണക്കിന് വരുന്ന നരകയാതന അനുഭവിക്കുന്ന മൈസൂര്‍ കല്ല്യാണങ്ങളിലെ ഇരകളുടെ ഞെട്ടിപ്പിക്കുന്ന കഥകള്‍ പുറത്ത് കൊണ്ടുവന്നത്.

ഭാഷയറിയാത്ത ഇവര്‍ക്ക് തങ്ങളുടെ ചേരിയിലുള്ള മലയാളി പെണ്‍കുട്ടികളോടുപോലും ഇടപെടാനാകാത്ത അവസ്ഥയാണ്്. മൈസൂരിലെ കൊടും ക്രിമിനലുകളും കൊലക്കേസിലെ പ്രതികളും വരെ മലപ്പുറത്തെയും വയനാട്ടിലെയും കണ്ണൂരിലെയും മലയോര മേഖലയിലെ പാവപ്പെട്ട പെണ്‍കുട്ടികളെ വിവാഹം കഴിച്ച് കൊണ്ടുപോകുന്നുണ്ട്. ഈ പെണ്‍കുട്ടികളെയാണ് പിന്നീട് ഇത്തരത്തിലുള്ളവര്‍ മൈസൂരില്‍ വില്‍പ്പന നടത്തുന്നത്.

ബ്രോക്കര്‍മാര്‍ വഴി മലബാറിലെ മഹല്ല് കമ്മറ്റികളുമായി ബന്ധപ്പെട്ടാണ് ലക്ഷകണക്കിന് രൂപ സ്ത്രീധനം വാങ്ങി മൈസൂരില്‍ നിന്നെത്തുന്നവര്‍ വിവാഹം നടത്തുന്നത്. ഗള്‍ഫ് പണത്തിന്റെ ആധിക്യത്തില്‍ മലബാറിലെ വിവാഹ കമ്പോളങ്ങളില്‍ പെണ്‍കുട്ടികളുടെ വിവാഹങ്ങള്‍ അപ്രാപ്യമായ പാവപ്പെട്ട മുസ്ലീം കുടുംബങ്ങളാണ് ഇവരുടെ വലയില്‍ വീണുപോകുന്നത്. നിറം കുറഞ്ഞതിന്റെയും പണമില്ലാത്തതിന്റെയും പേരില്‍ കുട്ടികള്‍ വീട്ടില്‍ നില്‍ക്കുമന്നെ ഭയം ഇത്തരം വിവാഹങ്ങള്‍ക്ക് രക്ഷിതാക്കളെ പ്രേരിപ്പിക്കുന്നു തുടര്‍ന്ന് വരന്‍ ആരെന്നുപോലും അന്വേഷിക്കാതെ വീട്ടുകാരും നാട്ടുകാരും മഹല്ല് കമ്മറ്റിയും ചേര്‍ന്ന് നടത്തുന്ന ‘കല്ല്യാണം കഴിപ്പിച്ചു കൊടുക്കലുകളാണ് ‘ ഇത്തരം ദുരന്തങ്ങളിലേക്ക് ഈ പെണ്‍കുട്ടികളെ തള്ളിവിടുന്നത്.

മൈസൂരിലെ വൃത്തി ഹീനമായ ചേരികളില്‍ അനാരോഗ്യകരമായ സാഹചര്യത്തില നരകിക്കുന്ന പെണ്‍കുട്ടികള്‍ തങ്ങളെ തിരിഞ്ഞുനോക്കാത്ത വീട്ടുകാരെയും മഹല്ല് കമ്മറ്റിയെയും സമൂഹത്തേയും പഴിക്കുകയാണ്.

അടിയന്തരമായി ഇടപെടേണ്ട ഒരു ഗൗരവതരമായ വിഷയമാണ് ചാനല്‍ പുറത്തുകൊണ്ടുവന്നിരിക്കുന്നത്.