മെത്രാന്‍ കായല്‍ നികത്താനുള്ള വിവാദ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചു

methran-kayalതിരുവനന്തപുരം: മെത്രാന്‍ കായല്‍ നികത്താന്‍ അനു മതി നല്‍കിയ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചു. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കടമക്കുടിയില്‍ വയല്‍ നികത്താനുള്ള അനുമതിയും പിന്‍വലിച്ചു. സര്‍ക്കാര്‍ ഉത്തരവിനെതിരെ ഉയര്‍ന്ന പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടി. മെത്രാന്‍ കായലില്‍ 425 ഏക്കര്‍ നികത്താനുള്ള ഉത്തരവാണ് പിന്‍വലിച്ചത്. ഉത്തരവ് പിന്‍വലിക്കണമെന്ന് റവന്യൂ മന്ത്രിയും യോഗത്തില്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പിന്‍വലിച്ചത്.

മെത്രാന്‍ കായല്‍ നികത്താന്‍ അനുവദിച്ച സര്‍ക്കാര്‍ ഉത്തരവ് കഴിഞ്ഞ ദിവസം ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. പ്രദേശവാസിയുടെ ഹര്‍ജിയിലായിരുന്നു സ്‌റ്റേ. ഉത്തരവ് പ്രകാരം ഭൂമി നികത്തില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അവിടെ ഇതുവരെ നികത്തല് ആരംഭിച്ചിട്ടില്ലെന്ന് കണ്ടെത്തിയ കോടതി തല്‍സ്ഥിതി തുടരണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.

കുമരകം മെത്രാന്‍ കായലില്‍ ടൂറിസം പദ്ധതിക്കായി 378 ഏക്കറും എറണാകുളം കണയന്നൂര്‍ താലൂക്കിലെ കടമക്കുടി പഞ്ചായത്തില്‍ മെഡിക്കല്‍ ടൂറിസത്തിനായി 47 ഏക്കര്‍ നെല്‍വയലും മണ്ണിട്ടു നികത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. പദ്ധതി വിവാദമായതോടെ പിന്‍വലിക്കണമെന്ന ആവശ്യവുമായി കെപിസിസി പ്രസിഡന്റ് വി എം സുധീരനും രംഗത്തു വന്നു. ഇതെല്ലാം കണക്കിലെടുത്ത് ഉത്തരവ് പിന്‍വലിക്കണമെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് മന്ത്രിസഭാ യോഗത്തില്‍ ആവശ്യപ്പെടുകയായിരുന്നു.

2010 ജൂലൈ 17ന് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷിക പദ്ധതിയുടെ ഭാഗമായാണ് പദ്ധതിക്ക് അനുമതി നല്‍കിയതെന്നും ഇതു സംബന്ധിച്ച് ഇറക്കിയ ഉത്തരവ് തന്റെ കൈവശമുണ്ടെന്നും മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി നടപ്പാക്കുന്നതിന്റെ പേരില്‍ നിയമത്തില്‍ ഒരിളവും വരുത്തിയിട്ടില്ല. നെല്‍വയല്‍ തണ്ണീര്‍ത്തട നിയമവും പരിസഥിതി നിയമവും പാലിച്ചു മാത്രമേ പദ്ധതി നടപ്പാകൂ എന്ന് പ്രത്യേകം ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ തെറ്റു ചെയ്തു എന്ന ബോധ്യം സര്‍ക്കാരിനില്ല. എന്നാല്‍ തെരഞ്ഞെടുപ്പ് കാലത്ത് വിവാദം ഒഴിവാക്കാനാണ് തീരുമാനം പിന്‍വലിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ടൂറിസം പദ്ധതിക്ക് അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. മെത്രാന്‍ കായലില്‍ നിലംനികത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത് ഹൈക്കോടതി ഉത്തരവ് ലംഘിച്ചെന്നു റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. നിലം നികത്താനുളള തീരുമാനം ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കേയാണെന്ന് റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാണ്.