മെഡിക്കല്‍ പിജി പ്രവേശനത്തിന് സര്‍ക്കാര്‍ കൌണ്‍സലിങ് മതിയെന്ന് സുപ്രീംകോടതി

Story dated:Thursday April 27th, 2017,06 49:pm

ന്യൂഡല്‍ഹി: സ്വകാര്യകോളജുകളില്‍ ഉള്‍പ്പെടെ മെഡിക്കല്‍ പിജി പ്രവേശനത്തിന് മുഴുവന്‍ സീറ്റിലേക്കും സര്‍ക്കാര്‍ കൌണ്‍സലിങ് വഴി മാത്രമേ പ്രവേശനം നടത്താവൂ എന്ന് സുപ്രീംകോടതി. ഈ വിജയത്തില്‍ മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ (എം.സി.ഐ.) സമര്‍പ്പിച്ച വാദങ്ങള്‍ അംഗീകരിച്ചാണ് സുപ്രീംകോടതി വിധി.

മത, ഭാഷാ ന്യൂനപക്ഷ സ്ഥാപനങ്ങള്‍, സ്വകാര്യ, കല്പിത സര്‍വകലാശാലകള്‍ എന്നിവയിലെ മുഴുവന്‍ മെഡിക്കല്‍ പി.ജി. സീറ്റുകളിലേക്കും 2017-’18 അക്കാദമിക വര്‍ഷം മുതല്‍ സര്‍ക്കാര്‍ കൌണ്‍സിലിങ് മാത്രമേ പാടുള്ളൂവെന്നായിരുന്നു മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശം.

കല്പിത സര്‍വകലാശാലകളുടെ മുഴുവന്‍ മെഡിക്കല്‍ പിജി. സീറ്റുകളിലേക്കും നീറ്റിന്റെ അടിസ്ഥാനത്തിലുള്ള അഖിലേന്ത്യാ ക്വാട്ടയില്‍ നിന്നാകണം പ്രവേശനം. കൂടാതെ കൌണ്‍സലിങ് സംസ്ഥാന സര്‍ക്കാരുകള്‍ നടത്തണം. കേരളത്തില്‍ അമൃത സര്‍വ്വകലാശാലയാണ് കല്‍പ്പിത സര്‍വ്വകലാശാലയായി ഉള്ളത്. സര്‍ക്കാര്‍ നടത്തുന്ന പൊതു കൌണ്‍സലിങ് ന്യൂനപക്ഷ സ്ഥാപനങ്ങളുടെ അവകാശത്തെ ഒരുതരത്തിലും ഹനിക്കുന്നില്ലെന്ന് എംസിഐ. വ്യക്തമാക്കി.