മൃതദേഹവുമായി കലക്ടരേറ്റില്‍ വന്ന് കര്‍ഷകരുടെ പ്രതിഷേധം, വനം വകുപ്പ് ഭൂമി പിടിച്ചെടുക്കുന്നതായി കര്‍ഷകര്‍, സര്‍ക്കാറിനെതിരെ താമരശ്ശേരി രൂപതയും 

Untitled-1 copyവനം വകുപ്പ് ജണ്ടകെട്ടല്‍ ഭീഷണയെ തുടര്‍ന്ന് ആത്മഹത്യചെയ്ത കര്‍ഷകന്‍റെ മൃതദേഹവുമായി കലക്ടറേറ്റിന് മുന്നില്‍ പ്രതിഷേധം. കോഴിക്കോട് കക്കാടം പൊയിലില്‍ ജോസഫിന്‍റെ മതൃതദേഹവുമായി വിവിധ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

കൃഷി ചെയ്തിരുന്ന സ്ഥലം വനഭൂമിയാണെന്ന് കാണിച്ച് വനം വകുപ്പ് ജണ്ടകെട്ടിയതില്‍ മനം നൊന്താണ് കഴിഞ്ഞ ദിവസം കക്കാടം പൊയില്‍ ജോസഫ് ആത്മഹത്യ ചെയ്തത്. ആധാരവും പട്ടയവുമുള്ള ജോസഫിന്‍റെ നാലേക്കര്‍ ഭൂമിയാണ് വനം വകുപ്പ് ജണ്ടകെട്ടിയതെന്ന് കര്‍ഷകര്‍ പറയുന്നു. കര്‍ഷക ദ്രോഹ നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പന്തിരിയണമെന്ന് ആവശ്യപ്പെട്ട് ജോസഫിന്‍റെ മൃതദേഹവുമായാണ് വിവധ സംഘടനകളുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ കലക്ടറേറ്റിന് മുന്നിലെത്തിയത്. സര്ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് താമരശ്ശേരി രൂപതാ വക്താവ് എബ്രഹാം കാവില്‍പുരയിടം പറഞ്ഞു.

നിയമാനുസൃതമായ യാതൊരു നോട്ടീസുമില്ലാതെ ഏകപക്ഷീയമായായിരുന്നു ജോസഫിന്‍റെ ഭൂമിയ വനം വകുപ്പ് ഏറ്റെടുത്തതെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. ഉദ്യോഗസ്ഥര്‍ക്ക് ജോസഫ് അപേക്ഷ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. സംസ്ഥാനത്ത് നിരവധി കര്‍ഷകര്‍ ഇത്തരത്തില്‍ ഭീഷണി നേരിടുന്നുണ്ടെന്നും സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും കര്‍ഷകര്‍ പറഞ്ഞു.

ജണ്ടകെട്ടല്‍ നടപടികള്‍ നിര്‍ത്തിവെച്ച് ഉത്തരവിറക്കണമെന്നും ജോസഫിന്‍റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും കുടുംബത്തിന് സഹായം നല്‍കണമെന്നുമാവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കി.