മൂന്നാര്‍ തൊഴിലാളി സമരം: ചര്‍ച്ച പാരജയം

munnar-strike-8-9-2015.jpg.image.784.410മൂന്നാര്‍: കണ്ണന്‍ദേവന്‍ കമ്പനിയിലെ തൊഴിലാളി സമരം പരിഹരിക്കാനായി സര്‍ക്കാര്‍ നടത്തിയ രണ്ടാംഘട്ട ചര്‍ച്ചയും പരാജയമായി. മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്‌, ഷിബു ബേബിജോണ്‍ എന്നിവര്‍ മാനേജ്‌മെന്റിന്റെയും ട്രേഡ്‌ യൂണിയനുകളുടേയും പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയാണ്‌ തീരുമാനമാകാതെ പിരിഞ്ഞത്‌. ഞായറാഴ്‌ച എറണാകുളത്ത്‌ വീണ്ടും ചര്‍ച്ച നടക്കും. മൂന്നാറില്‍ അസാധാരണ സാഹചര്യമാണ്‌ നിലവിലുള്ളതെന്ന്‌ ഷിബു ബേബിജോണ്‍ വ്യക്തമാക്കി.

ആയിരക്കണക്കിന്‌ സ്‌ത്രീകളാണ്‌ സമരമുഖത്തുള്ളത്‌. അടിയന്തരമായി തൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ മരണം വരെ നിരാഹാരം അനുഷ്‌ഠിക്കുമെന്ന്‌ തൊഴിലാളികള്‍മുന്നറിയിപ്പ്‌ നല്‍കി. പ്രതിദിനശമ്പളം 500 രൂപയായി ഉയര്‍ത്തണമെന്നാണ്‌ തൊഴിലാളികളുടെ ആവശ്യം. ന്യായമായ ബോണസും ആനുകൂല്യങ്ങളും ഉറപ്പ്‌ വരുത്തണമെന്നും തൊഴിലാളി സ്‌ത്രീകള്‍ ആവശ്യപ്പെടുന്നുണ്ട്‌. യൂണിയനുകളെ ഒഴിവാക്കി തൊഴിലാളികള്‍ ഒന്നു ചേര്‍ന്നാണ്‌ സമരം ചെയ്യുന്നത്‌.

മൂന്നാര്‍ കണ്ണന്‍ ദേവന്‍ പ്ലാന്റേഷനില്‍ സമരം തുടരുന്ന തൊഴിലാളികളുടെ ബോണസ്‌ വര്‍ധിപ്പിക്കുന്നത്‌ സംബന്ധിച്ച്‌ രണ്ടു ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കുമെന്ന്‌ തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ ഉറപ്പു നല്‍കിയിരുന്നു. അതേസമയം ശക്തമായ സമരനടപടികളുമായി മുന്നോട്ടുപോകാനാണ്‌ തൊഴിലാളികളുടെ തീരുമാനം. തങ്ങളുടെ മുഴുവന്‍ ആവശ്യങ്ങളും അംഗീകരിക്കാതെ സമരത്തില്‍ പിന്‍മാറില്ലെന്ന നിലപാടിലാണ്‌ തൊഴിലാളികള്‍.