മുസ്ലീം നേതാക്കളുടെ ഈ-മെയില്‍ ചോര്‍ത്തല്‍; അന്വേഷണത്തിനുത്തരവിട്ടു

തിരു: കേരളം ഭരിക്കുന്ന യുഡിഎഫിന്റെ പ്രധാനഘടക കക്ഷിയായ മുസ്ലീം ലീഗ് നേതാക്കള്‍ അടക്കം 268 പേര്‍ കേരളാ പോലീസ് നോട്ടപ്പുള്ളികളാക്കി നിരീക്ഷിക്കപ്പെടുന്നുവെന്ന റിപ്പോര്‍ട്ട്
കേരളത്തില്‍ കോളിളക്കം സൃഷ്ടിക്കുന്നു.

മുസ്ലീം മതസംഘടനാനേതാക്കളുടെയും മുന്‍ എംപി അബ്ദുള്‍ വഹാബ്  അടക്കമുള്ള മുസ്ലീം ലീഗ് നേതാക്കളുടെയും, ചില പത്രപ്രവര്‍ത്തകരുടെയും ഈ- മെയ്‌ലുകള്‍ ചോര്‍ത്താന്‍ ആഭ്യന്തര വകുപ്പ് നിര്‍ദേശം നല്‍കി എന്ന വാര്‍ത്ത ഈ ലക്കം പുറത്തിറങ്ങിയ മാധ്യമം വാരികയാണ് പുറത്തുവിട്ടത്. മാധ്യമം വാരികയെ ആധാരമാക്കി മാധ്യമം ദിനപത്രം ഇത് വന്‍ വാര്‍ത്തയാക്കിയതോടെ മുസ്ലീം സമുദായത്തിനകത്ത് ഇതിനെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നു.

.വിഷയം വിവാദമായതോടെ വാര്‍ത്ത സംബന്ധിച്ച് അന്വേഷണത്തിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉത്തരവിട്ടു. ഇന്റലിജന്‍സ് എഡിജിപി സെന്‍ കുമാറിനാണ് അന്വേഷണ ചുമതല.

സ്‌പെഷല്‍ ബ്രാഞ്ച് സി ഐ ഡി വിഭാഗം നവംബര്‍ 3നാണ് ഈ മെയ്‌ലുകള്‍ ചോര്‍ത്താന്‍ ഉത്തരവിട്ടതെന്ന് മാധ്യമം പത്രത്തിന്റെ വാര്‍ത്തയില്‍ പറയുന്നു.