മുല്ലപ്പെരിയാറില്‍ പുതിയ ഡാം ആകാം; ഉന്നതാധികാര സമിതി.

By സ്വന്തം ലേഖകന്‍ |Story dated:Wednesday April 25th, 2012,07 58:am

ദില്ലി : മുല്ലപ്പെരിയാര്‍ ഉന്നതാധികാരസമിതി അന്തിമ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയാമെന്ന് സമിതി റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുനതായി സൂചനയുണ്ട്. കരളത്തിന്റെ സുരക്ഷാ ആശങ്കകള്‍സമിതി കണക്കിലെടുത്തതായാണ് റിപ്പോര്‍ട്ട്. കൂടാതെ നിലവിലുള്ള കരാര്‍ അനുസരിച്ച് തമിഴ്‌നാടിന് വെള്ളം നല്‍കുകയും വേണം. കൂടാതെ തമിഴ്‌നാടിന് വെള്ളമെടുക്കാന്‍ പുതിയതായി ടണല്‍ നിര്‍മിക്കാനും ധാരണയായിട്ടുണ്ട്.

തിങ്കളാഴ്ച്ച ദില്ലിയില്‍ചേര്‍ന്ന ഉന്നതാധികാര സമിതി യോഗമാണ് രിപ്പോര്‍ട്ടിന് അന്തിമരൂപം നല്‍കിയത്. പുതിയ ഡാം, പുതിയ ടണല്‍, നിലവിലെ ഡാം സരക്ഷ എന്നീ വിഷയങ്ങളാണ് ഉന്നതാധികാരസമിതി പ്രധാനമായും പരിഗണിച്ചത്.

അതെസമയം മുല്ലപ്പെരിയാര്‍ ഡാമില്‍ അറ്റകുറ്റപ്പണി നടത്താന്‍ അനുവദിക്കണമെന്ന തമിഴ്‌നാടിന്റെ ആവശ്യത്തിന്‍മേല്‍ തീരുമാനമെടുക്കേണ്ടത് കേരളമാണെന്ന് ഉന്നതാധികാര സമിതി അറിയിച്ചു. ഈ ആവശ്യത്തില്‍ ഉന്നതാധികാര സമിതിക്ക്് ഇടപെടാനാകില്ലെന്നും സമിതി വ്യക്തമാക്കിയിട്ടുണ്ട്.

അഞ്ചംഗ സമിതിയില്‍ തമിഴ്‌നാടിന്റെ പ്രതിനിധിയായി ജസ്റ്റിസ് എ.ആര്‍ ലക്ഷമണനും, കേരളത്തിന്റെ പ്രതിനിധിയായി ജസ്റ്റിസ് കെ.ടി തോമസുമായിരുന്നു.

ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം സുപ്രീംകോടതിയുടേതാണ്. കേസ് മെയ് 4 ന് സുപ്രീംകോടതി പരിഗണിക്കും.