മുല്ലപ്പെരിയാറില്‍ ജലനിരപ്പ്‌ 141.3 അടി; വൃഷ്ടിപ്രദേശത്ത്‌ കനത്ത മഴ

mullaperiyarഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ്‌ 141.3 അടിയായി ഉയര്‍ന്നു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴ തുടരുകയാണ്‌. കൂടാതെ തമിഴ്‌നാട്‌ കൊണ്ടു പോകുന്ന ജലത്തിന്റെ അളവ്‌ കൂട്ടാത്തതും ജലനിരപ്പ്‌ വേഗത്തില്‍ ഉയരാന്‍ കാരണമാകുന്നുണ്ട്‌.

ഇന്നലെ 141 അടിയായിരുന്ന ജലനിരപ്പ്‌ ഇന്ന്‌ പുലര്‍ച്ചെയായപ്പോഴെക്കും 141.3 അടിയായി ഉയരുകയായിരുന്നു. മഴ തുടരുന്ന സാഹചര്യത്തില്‍ ജലനിരപ്പ്‌ അതിവേഗം 142 അടിയിലേക്ക്‌ എത്താന്‍ സാധ്യത ഏറിക്കൊണ്ടിരിക്കുകയാണ്‌. സെക്കന്റില്‍ 1144 ഘനയടി ജലം ഡാമിലേക്ക്‌ ഒഴുകിയെത്തുമ്പോള്‍ 511 ഘനയടി മാത്രമാണ്‌ തമിഴ്‌നാട്‌ കൊണ്ടുപോകുന്നത്‌. കൂടുതല്‍ വെള്ളം കൊണ്ടുപോകാന്‍ ഇപ്പോള്‍ സാധിക്കില്ലെന്നാണ്‌ തമിഴ്‌നാട്‌ നിലപാട്‌. മുല്ലപ്പെരിയാര്‍ ജലം സംഭരിക്കുന്ന തേനിയിലെ വൈഗ അണക്കെട്ടുള്‍പ്പെടെയുള്ളവയില്‍ ജലനിരപ്പ്‌ സംഭരണശേഷിക്കൊപ്പമെത്തിയെന്ന്‌ തമിഴ്‌നാട്‌ ചൂണ്ടിക്കാട്ടുന്നു.

തമിഴ്‌നാട്‌ ജലം കൊണ്ടുപോകാന്‍ തയ്യാറാകാത്ത പശ്ചാത്തലത്തില്‍ ഇനിയും ജലനിരപ്പ്‌ ഉയര്‍ന്ന്‌ അടിയന്തരസാഹചര്യമുണ്ടായാല്‍ ഷട്ടറുകള്‍ തുറന്ന്‌ ജലം ഇടുക്കി അണക്കെട്ടിലേക്കെത്തിക്കേണ്ടിവരും. ഇതുണ്ടായാല്‍ പെരിയാറിന്റെ തീരത്ത്‌ ഗുരുതരമായ പ്രത്യാഘാതങ്ങളാകും ഉണ്ടാവുക. 13 ഷട്ടറുകളുടെയും പ്രവര്‍ത്തനക്ഷമത സംബന്ധിച്ച്‌ വ്യക്തതയില്ലാത്തതും കേരളത്തിന്‌ ആശങ്കയുളവാക്കുന്നു.

ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.