മുല്ലപ്പെരിയാര്‍ പുതിയ അണക്കെട്ട്: സാധ്യതാ പഠനത്തിനെതിരെ തമിഴ്‌നാട്

Mullaperiyar damന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നത് കേരളം നടത്തുന്ന സാധ്യത പഠനത്തിനെതിരെ തമിഴ്‌നാട് സുപ്രീം കോടതിയെ സമീപിച്ചു. കേരളത്തിന്റെ നടപടി ആശങ്കയുയര്‍ത്തുന്നു. സുപ്രീം കോടതിയുടെ മുന്‍ വിധിയുടെ ലംഘനമാണിതെന്നും തമിഴ്‌നാട് ഹര്‍ജിയില്‍ പറയുന്നു. മുല്ലപ്പെരിയാറില്‍ പുതിയ ഡാം ആവശ്യമില്ലെന്നും ജലനിരപ്പ് 142 അടിയായി ഉയര്‍ത്താമെന്നും കോടതി നേരത്തെ ഉത്തരവിട്ടിട്ടുള്ളതാണ്. ഈ വിധി നിലനില്‍ക്കേ കേരളത്തിന്റെ സാധ്യതാപഠനം വിധിയോടുള്ള വെല്ലുവിളിയാണ്. സാധ്യത പഠനം തടയണമെന്നും തമിഴ്‌നാട് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. മാര്‍ച്ച് അവസാനമാണ് പഠനത്തിന് കേരള സംസ്ഥാന വനംവകുപ്പ് അനുമതി നല്‍കിയത്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ഉന്നതതല ഉദ്യോഗസ്ഥയോഗത്തിലാണ് തീരുമാനമുണ്ടായത്. ഉടന്‍തന്നെ അതിനെതിരെ തമിഴ്‌നാട്ടിലെ വിവിധ സംഘടനകള്‍ രംഗത്ത് വന്നു.