മുലായംസിംഗ് യാദവ് യു.പി ഭരിക്കും.

ലക്‌നൗ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന്റെ അവസാനഫലങ്ങള്‍ വന്നുകൊണ്ടിരിക്കുമ്പോള്‍ മുലായംസിംഗ് യാദവ് നയിക്കുന്ന സമാജിവാദി പാര്‍ട്ടി അധികാരത്തിലെത്തുമെന്നുറപ്പായി. 409 ല്‍ 223 സീറ്റ് ലീഡ് നേടി എസ് പി വിജയം ഉറപ്പിച്ചുകഴിഞ്ഞു. നിലവില്‍ ഭരണത്തിലിരിക്കുന്ന ബിഎസ്പിയ്ക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായിട്ടുള്ളത്.

 

ബിഎസ്പി 78 സീറ്റിലേക്ക് ചുരുങ്ങി. കോണ്‍ഗ്രസ്സ് ഇവിടെ നാലാം സ്ഥാനത്താണ്. രാഹുല്‍ഗാന്ധി സജീവമായി രംഗത്തുണ്ടായിട്ടും ഒരു കാലത്ത് കോണ്‍ഗ്രസ്സിന്റെ കുത്തക സീറ്റുകളായിരുന്ന അമേഠിയിലും റായ്ബറേലിയിലും കോണ്‍ഗ്രസ്സ് തോറ്റു. ബിജെപിക്ക് ഇവിടെ 50 സീറ്റുകളുണ്ട്. മറ്റുള്ളവര്‍ 16 ഉം

 

പഞ്ചാബിലും ഗോവയിലും കോണ്‍ഗ്രസ്സിന് തിരിച്ചടിയാണ്. ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ്സിന്റെ പരാജയത്തിന്റെ ഉത്തരവാദിത്വം താനേറ്റെടുക്കുന്നുതായി രാഹുല്‍ഗാന്ധി വാര്‍ത്താമാധ്യമങ്ങളോട് പറഞ്ഞു. യുപിയിലെ വിജയത്തിന്റെ മുഴുവന്‍ ക്രഡിറ്റും മുലായംസിംഗ് യാദവിന്റെ മകനും എംപിയുമായ അഖിലേഷ് യാദവിനാണ് രാഷ്ട്രീയനിരീക്ഷകര്‍ നല്‍കുന്നത്. പഞ്ചാബില്‍ അകാലിദള്‍ സഖ്യം ഭരണമുറപ്പിച്ചു കഴിഞ്ഞു. ഗോവയില്‍ ബിജെപി സഖ്യം വന്‍ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. 40 ല്‍ 24 സീറ്റും സഖ്യം നേടി.
ഉത്തരാഖണ്ഡില്‍ ആരു ഭരിക്കുമെന്ന് ഇനിയും തീരുമാനമായിട്ടില്ല. ഇവിടെ കോണ്‍ഗ്രസ്സും ബിജെപിയും ഒപ്പത്തിനൊപ്പമാണ്. ബിഎസ്പിയുടെയും സ്വതന്ത്രരുടെയും തീരുമാനം നിര്‍ണ്ണായകമാവും.