മുന്നോക്ക വിഭാഗക്കാര്‍ക്ക്‌ ജാതി സര്‍ട്ടിഫിക്കറ്റ്‌: സര്‍ക്കുലര്‍ പുറപ്പെടുവിച്ചു

നിലവില്‍ ജാതി സര്‍ട്ടിഫിക്കറ്റ്‌ നല്‍കുന്നതു പോലെ മുന്നാക്ക വിഭാഗത്തിന്‌ സംസ്ഥാനാവശ്യത്തിന്‌ വില്ലേജാഫീസര്‍ക്കും സംസ്ഥാനേതര ആവശ്യങ്ങള്‍ക്ക്‌ തഹസില്‍ദാര്‍ക്കും ജാതി സര്‍ട്ടിഫിക്കറ്റ്‌ നല്‍കുവാന്‍ അധികാരമുണ്ടായിരിക്കുമെന്ന്‌ വ്യക്തമാക്കി സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. സംസ്ഥാന മുന്നോക്ക സമുദായ കമ്മീഷന്‍ മുന്നോക്ക സമുദായങ്ങളെ കണ്ടെത്തി വ്യക്തമായ പട്ടിക തയാറാക്കുന്നതുവരെ ഒരു പ്രത്യേക വിഭാഗത്തിലേക്ക്‌ സര്‍ക്കാര്‍ ഉത്തരവ്‌ പ്രകാരം എന്‍ലിസ്റ്റ്‌ ചെയ്‌തിട്ടില്ലാത്ത ഏതൊരു ജാതിയെയും മുന്നോക്ക ജാതിയായി കണക്കാക്കാവുന്നതും വിശദമായ അന്വേഷണം നടത്തി യുക്തമെന്ന്‌ തോന്നുന്ന പക്ഷം ഒരു സത്യവാങ്‌മൂലം വാങ്ങി അധികാരപ്പെട്ടവര്‍ക്ക്‌ സര്‍ട്ടിഫിക്കറ്റ്‌ നല്‍കാവുന്നതാണെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. പൊതുജന സൗകരാര്‍ത്ഥം വില്ലേജ്‌/ താലൂക്ക്‌ / റവന്യൂ ഡിവിഷണല്‍ ഓഫീസുകള്‍ക്കൊപ്പം അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ജാതി സര്‍ട്ടിഫിക്കറ്റ്‌ ഉള്‍പ്പെടെയുള്ള 23 ഇനം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നുണ്ട്‌. എന്നാല്‍ മുന്നോക്ക വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക്‌ ഇ-ഗ്രാന്റ്‌സ്‌ മുഖേനയുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതിന്‌ ജാതി സര്‍ട്ടിഫിക്കറ്റ്‌ ആവശ്യമാണ്‌. ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്‌ ജാതി സര്‍ട്ടിഫിക്കറ്റ്‌ നല്‍കുന്നത്‌ സംബന്ധിച്ച്‌ നിലവില്‍ ഉത്തരവുകള്‍ ഇല്ലാത്തതിനാല്‍ ബന്ധപ്പെട്ട വില്ലേജാഫീസര്‍മാര്‍ക്ക്‌ ഇത്‌ നല്‍കാന്‍ സാധിക്കാത്ത അവസ്ഥയുണ്ടെന്നും അര്‍ഹതപ്പെട്ടവര്‍ക്ക്‌ ആനുകൂല്യം ലഭിക്കാനാവാത്ത സ്ഥിതിയുണ്ടെന്നുമുള്ളതിന്റെ അടിസ്ഥാനത്തിലാണ്‌ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുള്ളത്‌.