മുഖ്യമന്ത്രി പിണറായി തന്നെ;വിഎസിന്റെ സ്ഥാനം സംബന്ധിച്ച തീരുമാനം ഉടന്‍

pinarayi 1തിരുവന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയായി സിപിഐഎം പോളിറ്റ്‌ ബ്യൂറോ അംഗം പിണറായി വിജയനെ തീരുമാനിച്ചു. എ കെ ജി സെന്ററില്‍ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌ യോഗത്തിലാണ്‌ പിണറായിയെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചത്‌. അല്‍പസമയത്തിനുള്ളില്‍ ചേരുന്ന സംസ്ഥാനസമിതി യോഗത്തില്‍ ഔദ്യോഗിക തീരുമാനമെടുത്തതിന്‌ ശേഷം തീരുമാനം വാര്‍ത്താകുറിപ്പിലൂടെ അറിയിക്കുമെന്നാണ്‌ റിപ്പോര്‍ട്ട്‌.

സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം കിട്ടിയ സാഹചര്യത്തില്‍ സംസ്ഥാനത്തെ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിര്‍ണ്ണായക യോഗമാണ്‌ ചേര്‍ന്നത്‌. വിഎസും, പിണറായിയും ഒരുമിച്ച്‌ മത്സരിച്ച സാഹചര്യത്തില്‍ ആരു മുഖ്യമന്ത്രിയാകും എന്ന ചോദ്യം ഉയര്‍ന്നിരുന്നു.

വിഎസിന്റെ സ്ഥാനം സംബന്ധിച്ച് പാര്‍ട്ടിയില്‍ ഉടന്‍ തീരുമാനമാകുമെന്നാണ് റിപ്പോര്‍ട്ട്. വിഎസിന് അര്‍ഹിച്ച പരിഗണന തന്നെ നല്‍കുമെന്ന് കേന്ദ്ര നേതൃത്വം അറിയിച്ചിട്ടുണ്ട്.

വിഎസിന് ക്യാബിനെറ്റ് റാങ്കോടെയുള്ള പദവിയോ, സര്‍ക്കാര്‍ തലത്തിലോ മുന്നണി തലത്തിലോ ഉള്ള പദവിയോ നല്‍കുമെന്നാണ് സൂചന. ക്യാബിനറ്റ് റാങ്കോടെ എൽഡിഎഫ് ചെയർമാൻ പദവി നൽകുന്ന കാര്യം പാർട്ടിയുടെ പരിഗണനയിലുണ്ട്.

മുഖ്യമന്ത്രിയാകാനുള്ള സന്നദ്ധത വിഎസ് അറിയിച്ചിരുന്നു. എന്നാല്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ടും പങ്കടുത്ത യോഗത്തില്‍ പിണറായിയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.