മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജില്ലയില്‍

മലപ്പുറം: ജില്ലയില്‍ ഫെബ്രുവരി 27 നടക്കുന്ന വിവിധ പരിപാടികളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പങ്കെടുക്കും. കോഴിക്കോട്‌ സൈബര്‍പാര്‍ക്കില്‍ ഉച്ചയ്‌ക്ക്‌ 12.55 ന്‌ നടക്കുന്ന ഉദ്‌ഘാടന പരിപാടിയില്‍ രാഷ്‌ട്രപതിക്കൊപ്പം പങ്കെടുത്തതിന്‌ ശേഷമാണ്‌ ജില്ലയിലെ വിവിധ പരിപാടികളില്‍ മുഖ്യമന്ത്രി പങ്കെടുക്കുക. ഔദ്യോഗിക പരിപാടികള്‍ക്ക്‌ ശേഷം 3.45 ന്‌ റോഡ്‌ മാര്‍ഗം കരിപ്പൂരിലെത്തുന്ന രാഷ്‌ട്രപതിക്ക്‌ വിമാനത്താവളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഔദ്യോഗിക യാത്രയയപ്പിന്‌ ശേഷം വൈകീട്ട്‌ നാലിന്‌ തിരൂര്‍ നിയോജക മണ്‌ഡലത്തില്‍ നടപ്പാക്കിയ 143 കോടിയുടെ വിവിധ പദ്ധതികള്‍, തിരൂര്‍ രാജീവ്‌ ഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയം എന്നിവയുടെ ഉദ്‌ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും. വൈകീട്ട്‌ 4.30 ന്‌ പരപ്പനങ്ങാടി ശാസ്‌ത്രഗണിത കേന്ദ്രം ഉദ്‌ഘാടനം, വൈകീട്ട്‌ 5.30 ന്‌ മോയിന്‍കുട്ടി വൈദ്യര്‍മാപ്പിള കലാ അക്കാദമിയില്‍ നടക്കുന്ന ചീക്കോട്‌ കുടിവെള്ള പദ്ധതി ഒന്നാം ഘട്ട ഉദ്‌ഘാടനം, അന്തരിച്ച മാപ്പിളകലാകാരന്‍മാരുടെയും മുന്‍ സ്‌മാരക കമ്മിറ്റി അംഗങ്ങളുടെയും ഫോട്ടോ അനാഛാദനം, ഡോക്യുമെന്ററി പ്രകാശനവും എന്നിവയും മുഖ്യമന്ത്രി നിര്‍വഹിക്കും. വൈകീട്ട്‌ ആറിന്‌ മലപ്പുറം വെന്നിയൂരില്‍ അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്‌) നൈപുണ്യ വികസനത്തിനായി ആരംഭിക്കുന്ന കമ്യൂണിറ്റി സ്‌കില്‍ പാര്‍കിന്റെ സംസ്ഥാനതല നിര്‍മാണോദാഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും. ജില്ലയിലെ രണ്ടാമത്തെ വലിയ റഗുലേറ്റര്‍ കം ബ്രിജായ ഓടായിക്കല്‍ റെഗുലേറ്റര്‍ കം ബ്രിജ്‌ ഉദ്‌ഘാടനം വൈകീട്ട്‌ ഏഴിന്‌ ഓടായിക്കല്‍ അങ്ങാടിയില്‍ നടക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും.