മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജിനെ സിബിഐ അറസ്റ്റ്‌ ചെയ്‌തു

Untitled-1 copyകൊച്ചി: കടകംപള്ളി, കളമശേരി ഭൂമി തട്ടിപ്പു കേസുകളില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജിനെ സിബിഐ അറസ്റ്റ്‌ ചെയ്‌തു. അഡിഷണല്‍ തഹദില്‍ദാര്‍ വിദ്യോദയകുമാര്‍ അടക്കം മറ്റ്‌ അഞ്ചു പേരെയും ഇതോടൊപ്പം അറസ്റ്റ്‌ ചെയ്‌തിട്ടുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌. പ്രതകളെ ഇന്ന്‌ കോടതിയില്‍ ഹാജരാക്കുമെന്നാണ്‌ റിപ്പോര്‍ട്ട്‌.

സലിംരാജിനെതിരെ ഗൂഢാലോചനാ കുറ്റമാണ്‌ ചുമത്തിയിരിക്കുന്നത്‌. കളമശേരി കേസ്‌ സിബിഐയുടെ തിരുവനന്തപുരം യൂണിറ്റും കടകംപള്ളി കേസ്‌ സിബിഐ കൊച്ചി യൂണിറ്റുമാണ്‌ അന്വേഷിക്കുന്നത്‌. നാല്‍പ്പതോളം ഏക്കര്‍ ഭൂമി വ്യാജരേഖകളുണ്ടാക്കി തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നാണ്‌ പ്രധാന പരാതി.

സലിംരാജിനെ തിരുവനന്തപുരത്തെ ഓഫീസിലേക്ക്‌ വിളിച്ചുവരുത്തിയും മറ്റുള്ളവരെ കൊച്ചി ഓഫീസിലേക്ക്‌ വിളിച്ചുവരുത്തിയുമാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌. കേസുമായി ബന്ധപ്പെട്ട പല രേഖകളും സിബിഐയ്‌ക്ക്‌ ലഭിച്ചിട്ടുണ്ടെന്നാണ്‌ അറിയുന്നത്‌. കേസില്‍ സലിംരാജിനെ നുണപരിശോധനയ്‌ക്ക്‌ വിധേയനാക്കാന്‍ അനുമതി തേടിയിരുന്നെങ്കിലും നുണ പരിശോധനയ്‌ക്ക്‌ തയ്യാറല്ലെന്നും സലിംരാജ്‌ കോടതിയില്‍ ബോധിപ്പിച്ചിരുന്നു.