മുഖ്യമന്ത്രിക്ക്‌ ഒരു കോടി തൊണ്ണൂറ്‌ ലക്ഷം രൂപ നല്‍കി;സരിത എസ്‌ നായര്‍

Untitled-1കൊച്ചി: മുഖ്യമന്ത്രിക്കായി ഒരു കോടി പത്തു ലക്ഷം രൂപ സഹായമായി തോമസ്‌ കുരുവിളയ്‌ക്ക്‌ കൈമാറിയെന്ന്‌ സോളാര്‍ കമ്മീഷനോട്‌ സരിത എസ്‌ നായര്‍. പണം തോമസ്‌ കുരുവിളയെ ഏല്‍പ്പിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 80 ലക്ഷം രൂപ തിരുവനന്തപുരത്തുവെച്ചും കൈമാറി. 2012 ഡിസംബര്‍ 27 നാണ്‌ പണം കൈമാറിയത്‌. സോളാര്‍ പദ്ധതി നടപ്പിലാക്കാനായി 40 ലക്ഷം രൂപ ആര്യാടന്‍ മുഹമ്മദിന്‌ കൈമാറി. അറസ്റ്റിലാവുന്നതിന്‌ രണ്ടാഴ്‌ച മുന്‍പാണ്‌ പണം നല്‍കിയതെന്നും സരിത പറഞ്ഞു.

ശ്രീധരന്‍ നായരോടൊപ്പം മുഖ്യമന്ത്രിയെ കണ്ടെന്നും സരിത പറഞ്ഞു. ആ സമയം സെല്‍വരാജ്‌ മുഖ്യമന്ത്രിയുടെ ക്യാബിനില്‍ ഉണ്ടായിരുന്നു. 2012 ജൂലൈ 9 നാണ്‌ മുഖ്യമന്ത്രിയെ കണ്ടത്‌. മുഖ്യമന്ത്രിക്ക്‌ 7 കോടി രൂപ നല്‍കേണ്ടി വരുമെന്ന്‌ ജിക്കുമോന്‍ പറഞ്ഞു. പണം ദില്ലിയില്‍ എത്തിക്കാന്‍ ജിക്കുമോന്‍ നിര്‍ദേശിച്ചതു പ്രകാരം മുഖ്യമന്ത്രിക്കു പണം നല്‍കാനായി താന്‍ ദില്ലിയില്‍ പോയി മുഖ്യമന്ത്രിയെ കണ്ടു. മുഖ്യമന്ത്രിക്കുള്ള പണവുമായി രണ്ടു ദിവസം ദില്ലിയില്‍ ഉണ്ടായിരുന്നു.

തോമസ്‌ കുരുവിളയെ കാണാനായി ധീരജ്‌ എന്നയാളുടെ കാറില്‍ ചാന്ദിനി ചൗക്കില്‍ കാത്തിരുന്നു വെന്നും രണ്ട്‌ മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തോമസ്‌ കുരുവിളയെത്തി. കാറിലിരുന്ന്‌ തോമസ്‌ കുരുവിളയുമായി സംസാരിച്ചു. അന്ന്‌ ഒരു കോടി പത്തു ലക്ഷം രൂപ മുഖ്യമന്ത്രിക്കായി തോമസ്‌ കുരുവിളയ്‌ക്കു കൈമാറി.

മുഖ്യമന്ത്രിയുമായി നിരവധി തവണ ഫോണില്‍ സംസാരിച്ചിട്ടുണ്ട്‌. ജോപ്പന്‍, സലിംരാജ്‌ എന്നിവരുടെ ഫോണിലൂടെയാണ്‌ മുഖ്യമന്ത്രിയുമായി സംസാരിച്ചത്‌. ജോപ്പന്റെ നമ്പറില്‍ വിളിക്കാന്‍ മുഖ്യമന്ത്രി പറഞ്ഞു മുഖ്യമന്ത്രി തനിക്ക്‌ എല്ലാ സഹായവും വാഗ്‌ദാനം ചെയ്‌തതായി സരിത കമ്മീഷനില്‍ വെളിപ്പെടുത്തി.

താന്‍ സമര്‍പ്പിച്ച നിവേദം പരിശോധിക്കാന്‍ മുഖ്യമന്ത്രി ആര്യാടന്‍ മുഹമ്മദിന്‌ നിര്‍ദേശം നല്‍കുകയായിരുന്നു. അനര്‍ട്ടുമായി സഹകരിച്ച്‌ സോളാര്‍ പദ്ധതി ആരംഭിക്കുകയായിരുന്നു ഇതിന്റെ ഉദ്ദേശം.