മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍എസ്എസ്

കോട്ടയം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍എസ്എസ് വീണ്ടും രംഗത്ത്. രമേശ് ചെന്നിത്തല ഭരണ നേതൃത്വത്തിലേക്ക് വരുന്നതിനോട് മുഖ്യമന്ത്രിക്ക് അസഹിഷ്ണുതയാണെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാര്‍ നായര്‍ കുറ്റപ്പെടുത്തി. യുഡിഎഫ് പ്രതിസന്ധിക്ക് കാരണം മുഖ്യമന്ത്രിയുടെ നിലപാടാണെന്നും ഇത് തുറന്നു പറഞ്ഞപ്പോള്‍ അപമാനിക്കാന്‍ ശ്രമിച്ചു വെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. എന്‍എസ്എസ് ബജറ്റ് പ്രസംഗത്തിനിടെയാണ് സുകുമാരന്‍ നായരുടെ വിമര്‍ശനം.

കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്ക് ഭൂരിപക്ഷത്തിന്റെ ആള്‍ മന്ത്രിസഭയിലെത്തുന്നതിന് തടസ്സമായെന്നും ഇക്കാര്യത്തില്‍ കേന്ദ്രനേതൃത്വത്തിന്റെ ഉറപ്പ് സംസ്ഥാനനേതൃത്വം അട്ടിമറിച്ചെന്നും പ്രശ്‌നം ഹൈകമാന്റ് പരിഹരിച്ചില്ലെന്നും എന്‍എസ്എസ് ആരോപണ മുന്നയിച്ചു.

ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും എന്‍എസ്എസിനെ ഒരുപോലെ അപമാനിക്കുകയാണ് ചെയ്തതെന്നും വികസനവും കരുതലും ഉമ്മന്‍ ചാണ്ടിക്ക് വേണ്ടി മാത്രമാണ്. കോണ്‍ഗ്രസുമായി ഇനിയൊരരു ചര്‍ച്ചയ്ക്കില്ലെന്നും എന്‍എസ്എസ് നേതൃത്വം വ്യക്തമാക്കി.

കൂടാതെ മുസ്ലീം ലീഗ് മുഖപത്രമായ ചന്ദ്രികയ്‌ക്കെതിരെയുള്ള കേസില്‍ നിന്ന് പിന്നോട്ടില്ലെന്നും എന്‍എസ്എസ് അറിയിച്ചു.