മുഖ്യമന്ത്രിക്കും കെ ബാബുവിനും എതിരെ അന്വേഷണം

1കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിലെ മരംമുറിച്ചുവിറ്റതില്‍ അഴിമതിയുണ്ടെന്ന്‌ കാട്ടി പ്രദേശവാസി നല്‍കിയ ഹര്‍ജിയില്‍  മുഖ്യമന്ത്രിക്കും മന്ത്രി കെ ബാബുവിനുമെതിരെ ത്വരിത അന്വേഷണത്തിന് ഉത്തരവ്. തലശ്ശേരി വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. മരം മുറി ഇടപാടില്‍ 100കോടിയുടെ തട്ടിപ്പ് നടന്നെന്ന് ആരോപിച്ച് ഇരിട്ടി സ്വദേശി നല്‍കിയ പരാതിയിലാണ് ഉത്തരവ്.

മരം മുറിക്കാന്‍ കരാര്‍ നേടിയ സ്വകാര്യ കമ്പനിക്ക് 30,000 മരങ്ങള്‍ മുറിക്കാനാണ് അനുമതിയുണ്ടായിരുന്നത്. എന്നാല്‍ ഇത് മറികടന്ന് ഒരു ലക്ഷത്തിലധികം മരങ്ങള്‍ മുറിച്ച കമ്പനി സര്‍ക്കാരിന് വന്‍നഷ്ടമുണ്ടാക്കിയെന്നാണ് കേസ്. ഇവരെ കൂടാതെ കണ്ണൂര്‍ വിമാനത്താവള നിര്‍മാണ കമ്പനി എംഡി ചന്ദ്രമൗലി, സിയാല്‍ എംഡി വിജെ കുര്യന്‍, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, ടോം ജോസഫ് എന്നിവര്‍ക്കെതിരേയും അന്വേഷണം നടത്തണമെന്നാണ് ഉത്തരവ്. ഇത് സംബന്ധിച്ച് ജൂണ്‍ 17നകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ വിജിലന്‍സ് കോടതി ഡിവൈഎസ്പിയോട് ആവശ്യപ്പെട്ടു.