മുഖ്യമന്ത്രിക്കും ആര്യാടനുമെതിരായ വിജിലന്‍സ്‌ കോടതി ഉത്തരവിന്‌ ഹൈക്കോടതി സ്‌റ്റേ

ooman chandy and aryadan 1കൊച്ചി:തൃശുര്‍ വിജിലന്‍സ്‌ കോടതി ഉത്തരവിനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി ആര്യാടന്‍ മുഹമ്മദും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അപ്പീലിന്‌ സ്റ്റേ. തൃശൂര്‍ വിജിലന്‍സ്‌ കോടതി വിധി രണ്ട്‌ മാസത്തേക്കാണ്‌ ഹൈക്കോടതി സിംഗിള്‍ ബെഞ്ച്‌ സ്‌റ്റേ ചെയ്‌തിരിക്കുന്നത്‌. ജസ്‌റ്റിസ്‌ പി ഉബൈദാണ്‌ ഇരുവരും സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചത്‌. വിധി പുറപ്പെടുവിച്ച ജഡജിക്കെതിരെ ഹൈക്കോടതി രൂക്ഷമായ വിമര്‍ശനമാണ്‌ ഉയര്‍ത്തിയത്‌. കോടതി വെളിപ്പെടുത്തലുകളുടെ പിന്നാലെ പോകരുതെന്നും തന്റെ പദവി തപാലാപ്പീസിന്‌ സമമാണെന്ന്‌ കരുതരുതെന്നും ഹൈക്കോടതി പറഞ്ഞു.

പോസ്‌റ്റ്‌മാന്റെ ജോലിയാണ്‌ താന്‍ ചെയ്‌തതെന്നും വിധിയില്‍ പറഞ്ഞ വിജിലന്‍സ്‌ ജഡ്‌ജിക്കു തന്റെ ഉത്തരവാദിത്തം എന്തെന്ന്‌ ശരിക്കും അറിയില്ല ഹൈക്കോടതി അഡ്‌മിനിസ്‌ട്രേറ്റീവ്‌ വിഭാഗം ഇക്കാര്യം പരിശോധിക്കണമെന്നും ജസ്‌റ്റിസ്‌ പി ഉബൈദ്‌ നിരീക്ഷിച്ചു. പത്രവാര്‍ത്തകളെ അടിസ്ഥാനമാക്കി നടപടി സ്വീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു.

ഈ രീതിയിലാണ്‌ നിയമം മനസിലാക്കുന്നതെങ്കില്‍ വിജിലന്‍സ്‌ കോടതിക്കെതിരെ അച്ചടക്ക നടപടി എടുക്കേണ്ടി വരുമെന്നും കോടതി പറഞ്ഞു. ഹൈക്കോടതി വിമര്‍ശനത്തിന്റെ സാഹചര്യത്തില്‍ വിജിലന്‍സ്‌ ജഡ്‌ജ്‌ എസ്‌ എസ്‌ വാസനെതിരെ നടപടിയെടുക്കാനും സാധ്യതയുണ്ട്‌.

കെ ബാബുവിന്റെ മാതൃകയില്‍ ആര്യാടനും മുഖ്യമന്ത്രിയും രണ്ട്‌ സ്വകാര്യ ഹര്‍ജികളായാണ്‌ കോടതിയെ സമീപിച്ചത്‌. ദ്രുത പരിശോധന പോലും നടത്താതെ കോടതി അന്വേഷണത്തിന്‌ ഉത്തരവിട്ടത്‌ നിയമപരമായി നിലനില്‍ക്കില്ലെന്ന വാദമാണ്‌ ഇരുവരും കോടതിയില്‍ ഉന്നയിച്ചത്‌.