മുഖ്യമന്ത്രിക്കും ആര്യാടനുമെതിരെ കേസെടുക്കാന്‍ വിജിലന്‍സ്‌ കോടതി ഉത്തരവ്‌

umman_chandyതൃശൂര്‍: സോളാര്‍തട്ടിപ്പ്‌ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സ്‌ കോടതി ഉത്തരവിട്ടു. പൊതുപ്രവര്‍ത്തകനായ ജോസഫ്‌ നല്‍കിയ പരാതിയിലാണ്‌ കോടതി അന്വേഷണത്തിന്‌ ഉത്തരവിട്ടത്‌. മുഖ്യമന്ത്രി ആര്യാടന്‍ മുഹമ്മദിനും കോഴ നല്‍കിയെന്ന സരിതയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ്‌ പരാതി.

സോളാര്‍ ഇടിപാടിനായി സഹായം ലഭിക്കാനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനും കോഴ നല്‍കിയതായി സരിത ഇന്നലെയാണ്‌ ജുഡീഷ്യല്‍ കമ്മീഷനില്‍ വെളിപ്പെടുത്തിയത്‌. ഏഴുകോടിയാണ്‌ മുഖ്യമന്ത്രിക്കുവേണ്ടി ആവശ്യപ്പെട്ടതെന്നും സരിത പറഞ്ഞിരുന്നു. 1.90 കോടി രൂപ രണ്ടുഘട്ടങ്ങളിലായി മുഖ്യമന്ത്രിയുടെ സഹായി തോമസ്‌ കുരുവിളയ്‌ക്ക്‌ നല്‍കി. മുഖ്യമന്ത്രി ആവശ്യപ്പെട്ടതുപ്രകാരമാണ്‌ മന്ത്രി ആര്യാടന്‍ മുഹമ്മദിനെ കെണ്ടതെന്നും രണ്ട്‌ ഘട്ടങ്ങളിലായി 40 ലക്ഷം രൂപ നല്‍കിയെന്നും സരിത നായര്‍ കമ്മീഷനില്‍ മൊഴി നല്‍കിയിരുന്നു.

പ്രധാനമന്ത്രിയായാലും മുഖ്യമന്ത്രിയായാലും തുല്യ നീതിയെന്ന്‌ വ്യക്തമാക്കിയ കോടതി ഉപ്പുതിന്നവന്‍ വെള്ളം കുടിക്കണമെന്നും വ്യക്തമാക്കി. ആരോപണങ്ങള്‍ അന്വേഷിക്കേണ്ടത്‌ കോടതിയല്ല പോലീസാണെന്നും അസാധാരണ സാഹചര്യത്തില്‍ അസാധാരണ ഉത്തരവുണ്ടാകുമെന്നും കോടതി നിരീക്ഷിച്ചു. ഹരജി ആദ്യ കേസായി പരിഗണിച്ച്‌ കോടതി ഉത്തരവിടുകയായിരുന്നു.