മുംബൈയില്‍ 21 നില കെട്ടിടത്തില്‍ തീ പിടുത്തം;7 മരണം

fire-01മുംബൈ: മുംബൈയില്‍ 21 നില കെട്ടിടത്തില്‍ തീ പിടുത്തം. അപകടത്തില്‍ ഏഴു പേര്‍ മരിച്ചു. 25 പേര്‍ക്ക്‌ പരിക്കേറ്റു. ശനിയാഴ്‌ച വൈകുന്നേരമാണ്‌ തീ പിടുത്തമുണ്ടായത്‌. മുംബൈയിലെ അന്തേരിക്ക്‌ സമീപത്തെ ചണ്ഡീവാലയിലാണ്‌ കെട്ടിടത്തിന്‌ തീപിടിച്ചത്‌.

കെട്ടിടത്തിന്റെ പതിനാലാമത്‌ നിലയിലാണ്‌ ആദ്യമായി തീ പിടുത്തമുണ്ടായത്‌. ശ്വാസം മുട്ടിയാണ്‌ പലര്‍ക്കും അപകടമുണ്ടായിരിക്കുന്നതെന്നും തീ പിടുത്തമുണ്ടായപ്പോള്‍ ആള്‍ക്കാര്‍ ലിഫ്‌റ്റാണ്‌ കൂടുതലായും ഉപയോഗിച്ചതെന്നും ചീഫ്‌ ഫയര്‍ ഓഫീസര്‍ പി എസ്‌ രഹാന്‍ഗദലെ പറഞ്ഞു. പിരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്നും മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നുമാണ്‌ പോലീസില്‍ നിന്ന്‌ ലഭിക്കുന്ന വിവരം.

സംഭവം നടക്കുമ്പോള്‍ ലിഫ്‌റ്റില്‍ കുടുങ്ങിയാണ്‌ മൂന്ന്‌ പേര്‍ മരണമടഞ്ഞതെന്നാണ്‌ പോലീസില്‍ നിന്നുള്ള വിവരം. 15 ഓളം ഫയര്‍ എഞ്ചിനുകളാണ്‌ തീയണയ്‌ക്കാന്‍ എത്തിയിരുന്നത്‌. തീ പിടുത്തമുണ്ടാവാനുള്ള കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.