‘മിഷന്‍ ഇന്ദ്രധനുസ്‌’: മൂന്നാംഘട്ടത്തിന്‌ തുടക്കമായി

Story dated:Thursday June 11th, 2015,06 44:pm
sameeksha sameeksha

മലപ്പുറം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന പ്രതിരോധ കുത്തിവെപ്പ്‌ പരിപാടിയായ ‘മിഷന്‍ ഇന്ദ്രധനുസ്‌’ന്റെ മൂന്നാം ഘട്ടം ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ പി.കെ. കുഞ്ഞു പൂക്കോട്ടൂര്‍ ബ്ലോക്ക്‌ പി.എച്ച്‌.സിയില്‍ ഉദ്‌ഘാടനം ചെയ്‌തു. വിദ്യാഭ്യാസ-സാമൂഹിക സുരക്ഷാ പദ്ധതികളുടെ കാര്യത്തില്‍ മറ്റ്‌ ജില്ലകള്‍ക്ക്‌ മാതൃകയായ മലപ്പുറം രോഗപ്രതിരോധ ചികിത്സാ രംഗത്ത്‌ പിന്നാക്കം പോകരുതെന്ന്‌ അദ്ദേഹം പറഞ്ഞു. ഇതിനായി പൊതുജനങ്ങളും ആരോഗ്യ പ്രവര്‍ത്തകരും ജനപ്രതിനിധികളും ഒരുമിച്ച്‌ പ്രവര്‍ത്തിക്കണം.
ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.ടി. കോയാമു അധ്യക്ഷനായി. ജില്ലാ കലക്‌ടറുടെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി കലക്‌ടര്‍ വി. രാമചന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. പൂക്കോട്ടൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.എ സലാം, കേന്ദ്ര ഹജ്‌ കമ്മിറ്റി അംഗം അബ്‌ദുസമദ്‌ പൂക്കോട്ടൂര്‍, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ മുഹമ്മദ്‌, സമീര്‍ പൂല്ലൂര്‍, ഡോ. ശ്രീനാഥ്‌, ഡോ. രാമദാസ്‌, ഡോ. പി. പരമേശ്വരന്‍, ഡോ. വി. വിനോദ്‌, ഡോ. ജ്യോതി, ഭാര്‍ഗവി, ടി.എം. ഗോപാലന്‍ സംസാരിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ഉമ്മര്‍ ഫാറൂഖ്‌ സ്വാഗതവും മാസ്‌ മീഡിയ ഓഫീസര്‍ പി. രാജു നന്ദിയും പറഞ്ഞു.