മികച്ച മൈലേജുമായി ഫിയസ്റ്റ ഓട്ടോമാറ്റിക്.

നൂതന സാങ്കേതികവിദ്യ ഇഷ്ടപ്പെടുന്ന പുത്തന്‍ തലമുറയ്ക്കിടയില്‍ പവര്‍ഷിഫ്റ്റ് ട്രാന്‍സ്മിറ്റര്‍ ടെക്‌നോളജി (ഡുവല്‍ കഌ്) യുമായി പുറത്തിറങ്ങിയ ഫോര്‍ഡ് ഫിയസ്റ്റ ഓട്ടോമാറ്റിക് ശ്രദ്ധേയമാകുന്നു. സാധാരണ ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ സംവിധാനമാണ് ഓട്ടോമാറ്റിക് കാറുകളില്‍  ഉണ്ടാകാറ്. ഹോണ്ട സിറ്റി, ഹ്യുണ്ടായ് വെര്‍ണ തുടങ്ങിയ ചില കാറുകളില്‍ ഈ രീതിയാണുള്ളത്. ഡുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് കാറായ ഫിയസ്റ്റ കൂടുതല്‍ ഇന്ധനക്ഷമതയും കാര്യക്ഷമതയും നല്‍കുന്നു. 16.97കിലോമീറ്റര്‍ മൈലേജ് ഇതിനുണ്ട്.

1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍, 6045 ആര്‍.പി.എമ്മില്‍ 109 പി.എസ് പവര്‍, ആറു സ്പീഡ് ഡുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍. പത്തുവര്‍ഷത്തേക്കോ 2,40,000 കിലോമീറ്റര്‍ ഓടുന്നതുവരെയോ മെയിന്റനന്‍സുണ്ടാവില്ല. ഇന്റലിജന്റ് ബ്രേക്കിംഗ്: കുത്തനെയുള്ള കയറ്റം കയറുമ്പോഴോ ഇറങ്ങുമ്പോഴോ ബ്രേക്കില്‍ കാലുവെയ്ക്കാന്‍ കഴിഞ്ഞില്ലെങ്കിലും സ്പീഡ് നിയന്ത്രിക്കപ്പെടും. ഓട്ടോമാറ്റിക്കായി ബ്രേക്ക് ചെയ്യുന്ന സംവിധാനമാണിത്.

ഫിയസ്റ്റക്ക്്് രണ്ടു വേരിയന്റുകളുണ്ട്. ബേസ് മോഡലായ സ്‌റ്റൈലിന് 8.99 ലക്ഷം രൂപയാണ് ഡല്‍ഹിയിലെ എക്‌സ് ഷോറൂംവില. ഇതില്‍ ക്‌ളൈമറ്റ് കണ്‍ട്രോളും ഫോഗ് ലാമ്പുകളുമുണ്ട്. ടൈറ്റാനിയം പ്ലസ് എന്ന മുന്തിയ മോഡിന് 9.70 ലക്ഷം രൂപയാണ്. ബ്ലുടൂത്ത്, വോയ്‌സ് കണ്‍ട്രോള്‍, അലോയ് വീലുകള്‍, ഓട്ടോമാറ്റിക് റിയര്‍വ്യൂ മിററുകള്‍, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍ തുടങ്ങിയവയുണ്ട്.

പെട്രോള്‍ വേരിയന്റില്‍ മാത്രമാണ് ഓട്ടോമാറ്റിക് പവര്‍ഷിഫ്റ്റ് ട്രാന്‍സ്മിഷന്‍ സിസ്റ്റമുള്ളത്.