മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പള്ളി അറസ്റ്റില്‍

maoistപൂനെ: മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പള്ളി മഹാരാഷ്ട പൊലീസിന്റെ പിടിയിലായി. എറണാകുളം ഇരുമ്പനം സ്വദേശിയായ മുരളിയെ പൂനെയില്‍ നിന്നാണ് അറസ്റ്റു ചെയ്തത്. ഇയാള്‍ക്കൊപ്പം ഇസ്മയില്‍ എന്ന മാവോയിസ്റ്റും അറസ്റ്റിലായി.

കേരളത്തിലെ മാവോയിസ്റ്റ് ആക്രമണങ്ങളുടെ സൂത്രധാരന്‍ പാണ്ടിക്കാട് സ്വദേശി മൊയ്തീന്റെ സഹോദരനാണ് ഇസ്മയില്‍. ഇരുവരേയും രഹസ്യകേന്ദ്രത്തില്‍ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

1970 ല്‍ കോഴിക്കോട് കായണ്ണയില്‍ പൊലീസ് സ്‌റ്റേഷന്‍ ആക്രമിച്ച കേസിലെ പ്രതിയായ മുരളി 40 വര്‍ഷമായി ഒളിവിലാണ്. ഉത്തരേന്ത്യയില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനം നടത്തിവന്ന മുരളി, അജിത് എന്ന പേരില്‍ മാവോയിസത്തെ കുറിച്ചുള്ള നിരവധി പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കോഴിക്കോട് റീജിയണല്‍ എഞ്ചിനിയറിംഗ് കോളജില്‍ വിദ്യാത്ഥി ആയിരിക്കെ പഠനം ഇടയ്ക്കു വച്ച് നിര്‍ത്തി നാടുവിടുകയായിരുന്നു. വിദ്യാര്‍ഥിയായിരിക്കെ നക്‌സല്‍ പ്രസ്ഥാനത്തിന്റെ ഭാഗമായി. പിന്നീട് നക്‌സല്‍ബാരി എന്ന സംഘം രൂപീകരിച്ചു. പിളര്‍പ്പുണ്ടായപ്പോള്‍, നക്‌സലായ കെ വേണുവിനൊപ്പം നിന്നു. പിന്നീട്, മാവോയിസ്റ്റുകള്‍ വീണ്ടും ലയിച്ചതോടെ മുരളി കണ്ണമ്പള്ളി നക്‌സല്‍ബാരിയുടെ മുഖ്യനേതൃത്വം വഹിച്ചു.