മാലിന്യവിരുദ്ധസമരം വടക്കോട്ടും; തലശ്ശേരിയില്‍ സമരക്കാര്‍ക്ക് നേരെ ലാത്തിചാര്‍ജ്ജ് ; മാലിന്യവണ്ടി കത്തിച്ചു

തലശ്ശേരി: തലശ്ശേരി നഗരസഭയിലെ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന പുന്നോല്‍ പൊട്ടിപാലത്ത് മാലിന്യവിരുദ്ധസമരം. സമരപ്പന്തല്‍ പൊലീസ് പൊളിച്ചുമാറ്റുകയും പന്തലിന് തീയിടുകയും ചെയ്തു. ഇന്ന് പുലര്‍ച്ചെ 4 മണിക്ക് വന്‍പൊലീസ് സംഘത്തിന്റെ സഹായത്തോടെയാണ് ഈ നടപടിയെടുത്തത്.

പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് രാവിലെ മാഹി-തലശ്ശേരി ദേശീയപാത ഉപരോധിച്ച സമരക്കാരെ പൊലീസ് ലാത്തിചാര്‍ജ്ജ് ചെയ്തു. ഇതിനിടെ സമരക്കാര്‍ മാലിന്യവണ്ടി തീയിടുകയും ചെയ്തു. പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളുമടക്കമുള്ള സമരക്കാരെ പൊലീസ് അറസ്റ്റ്‌ചെയ്തു.
പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ന്യൂമാഹിയിലും തലശ്ശേരിയിലും ഇന്ന് ഹര്‍ത്താലിന് സമരസമിതി ആഹ്വാനം ചെയ്തു.