മായാമോഹിനിയായി ദിലീപ്‌


ഉലകനായകന്‍ കമല്‍ ഹാസന്റെ പാതയിലാണ് മലയാളത്തിന്റെ ജനപ്രിയ നായകന്‍ ദിലീപ്. കുഞ്ഞിക്കൂനനും ചാന്ത് പൊട്ടിനും ശേഷം പുതിയ ഗെറ്റപ്പില്‍ പ്രേക്ഷകരെ വിസ്മയിപ്പിക്കാന്‍ ഒരുങ്ങുകയാണ്കക്ഷി. ദിലീപിന് നിരവധി ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ള ഉദയകൃഷ്ണ – സിബി.കെ.തോമസ് ടീമിന്റെ തിരക്കഥയില്‍ സംവിധായകന്‍ ജോസ് തോമസ് ഒരുക്കുന്ന ‘മായാമോഹിനി’ എന്ന ചിത്രത്തിലാണ് സിനിമാലോകത്ത് ഇതിനകം തന്നെ ഏറെ ചര്‍ച്ചാവിഷയമായ ഈ വേഷപകര്‍ച്ച. ബിജു മേനോന്റെ ഭാര്യയായി ദിലീപ്
എത്തുന്നു…അതെ… ഒരു മുഴുനീള സ്ത്രീ കഥാപാത്രമായി. വില്ലന്‍ വേഷങ്ങളില്‍ നിന്ന് കോമഡിവേഷങ്ങളിലേക്ക് കൂടുമാറിയ നടന്‍ ബാബുരാജും സ്ത്രീ വേഷത്തിലെത്തുന്നുണ്ട് ഈ ചിത്രത്തില്‍. പ്രശസ്ത ഛായാഗ്രാഹകന്‍ പി.സുകുമാറും ദിലീപിന്റെ ഭാര്യാസഹോദരന്‍ മധുവാര്യരും ചേര്‍ന്ന് കളര്‍ ഫാക്ടറിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ലക്ഷ്മി റായ്, മൈഥിലി, വിജയരാഘവന്‍, ഹരിശ്രീ അശോകന്‍, സ്ഫടികം ജോര്‍ജ്ജ്, സാദിക് എന്നിവരും അഭിനയിക്കുന്നു.
മായാമോഹിനിക്കായി ഗാനങ്ങള്‍ ഒരുക്കുന്നത് വയലാര്‍ ശരത്-ബേണി ഇഗ്നേഷ്യസ് ടീമാണ്. ഛായാഗ്രാഹകന്‍ – അനില്‍ നായര്‍, കലാസംവിധാനം – സുജിത് രാഘവന്‍, ചിത്രസംയോജനം – ജോണ്‍ കുട്ടി, വസ്ത്രാലങ്കാരം – സമീറ സനീഷ് തുടങ്ങി യവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിലെമേയ്ക്കപ്പ് എന്ന ശ്രമകരമായ ദൗത്യം അതിമനോഹരമായി നിര്‍വ്വഹിച്ചിരിക്കുന്ന റോഷനും സജി കാട്ടാക്കടയുമാണ് യഥാര്‍ത്ഥ താരങ്ങള്‍.