മാമാങ്കം സ്‌മാരകങ്ങളെ ഉള്‍പ്പെടുത്തി പ്രത്യേക ടൂറിസം പദ്ധതി വരുന്നു

mamankamമാമാങ്കം സ്‌മാരകങ്ങളെ ഉള്‍പ്പെടുത്തി പ്രത്യേക ടൂറിസം പദ്ധതി വരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ സ്വദേശി ദര്‍ശന്‍ പദ്ധതയിലുള്‍പ്പെടുത്തി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്‍രെ ആഭിമുഖ്യത്തിലാണ്‌ പ്രത്യേക പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നത്‌. മാമാങ്കം സ്‌മാരകങ്ങളെ അടുത്തറിയാനും അവയെ കുറിച്ച്‌ പഠിക്കാനും പുതിയ പദ്ധതി വരുന്നതോടെ അവസരമുണ്ടാവും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി സഞ്ചാരികളാണ്‌ മാമാങ്കത്തെ കുറിച്ച്‌ അറിയാന്‍ എത്തുന്നത്‌. മാമാങ്കത്തിന്റെ ചരിത്രം അടയാളപ്പെടുത്തുന്ന കൂടുതല്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനും ചരിത്ര വിവരണം അടങ്ങിയ ബ്രോഷര്‍ തയ്യാറാക്കുന്നതിനുമുള്ള നടപടി ഡി.ടി.പി.സി ആരംഭിച്ചിട്ടുണ്ട്‌.

സ്വദേശി ദര്‍ശന്‍ പദ്ധതിയിലുള്‍പ്പെട്ട ‘നിള ടൂറിസം സര്‍ക്യൂട്ടിന്റെ’ ഭാഗമായാണ്‌ മാമാങ്കം സ്‌മാരകങ്ങളിലും വിവിധ പദ്ധതികള്‍ നടപ്പാക്കുന്നത്‌. മാമാങ്ക സ്‌മാരകങ്ങളായ നിലപാട്‌ തറ, ചങ്ങമ്പള്ളി കളരി, മണിക്കിണര്‍, പഴുക്കാമണ്ഡപം, മരുന്നറ എന്നിവിടങ്ങളില്‍ പദ്ധതിയുടെ ഭാഗമായി പ്രത്യേക സൗകര്യമൊരുക്കും. മാമാങ്കത്തിന്റെ ചരിത്രം പറയുന്ന മള്‍ട്ടി മീഡിയ ഷോ, ഓഡിറ്റോറിയം, ഇരിപ്പിടങ്ങള്‍ എന്നിവ സ്‌മാരകങ്ങളില്‍ ഒരുക്കും. തിരുന്നാവായ ബന്ധര്‍ കടവില്‍ കുട്ടികള്‍ക്കായി പാര്‍ക്കും ബോട്ടിങും ഒരുക്കുന്നുണ്ട്‌. പൊന്നാനി വലിയ ജുമാമസ്‌ജിദ്‌, തിരുന്നാവായ ക്ഷേത്രം, തൃപ്പങ്ങോട്‌ ശിവ ക്ഷേത്രം എന്നിവയാണ്‌ നിള റൂറല്‍ സര്‍ക്യൂട്ടില്‍ ഉള്‍പ്പെടുത്തിയ മറ്റു കേന്ദ്രങ്ങള്‍