മാനസിക, ശാരീരിക ഭിന്നശേഷിയുള്ളവരുടെ രക്ഷിതാക്കള്‍ക്കായി കുടുതല്‍ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കും: വൈസ്‌ ചാന്‍സലര്‍

University-1 (1)മാനസിക, ശാരീരിക ഭിന്നശേഷിയുള്ളവരുടെ രക്ഷിതാക്കള്‍ക്കായി കുടുതല്‍ പരിശീലന പരിപാടികള്‍ കാലിക്കറ്റ്‌ സര്‍വകലാശാല സംഘടിപ്പിക്കുമെന്ന്‌ വൈസ്‌ ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ്‌ ബഷീര്‍ അറിയിച്ചു. സൈക്കോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി സര്‍വകലാശാലാ കാമ്പസില്‍ സംഘടിപ്പിച്ച ദ്വിദിന സംഗമത്തിന്റെ സമാപന ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാനസികമായി ഭിന്നശേഷിയുള്ള വ്യക്തികളുടെ ആശയവിനിമയ രീതികള്‍ മറ്റുള്ളവരില്‍ നിന്ന്‌ വിഭിന്നമായിരിക്കും. അവരുമായി സംവദിക്കുന്നതിനുള്ള പ്രാപ്‌തി മറ്റുള്ളവര്‍ കൈവരിക്കുകയാണ്‌ വേണ്ടത്‌. കേവലമായ സഹതാപ പ്രകടനമല്ല, വ്യക്തിത്വത്തിന്റെ സവിശേഷതകള്‍ തിരിച്ചറിഞ്ഞുകൊണ്ട്‌ സമത്വത്തോടെയുള്ള സമീപനമാണ്‌ ഭിന്നശേഷിക്കാര്‍ക്ക്‌ ആവശ്യമെന്നും വൈസ്‌ ചാന്‍സലര്‍ ചൂണ്ടിക്കാട്ടി. ഭിന്നശേഷിക്കാരില്‍ പലരും മികച്ച കഴിവുകളുള്ളവരാണ്‌. ഇത്‌ കണ്ടെത്തി പരിപോഷിപ്പിക്കുവാന്‍ സമുഹത്തിന്‌ ബാധ്യതയുണ്ടെന്നും വൈസ്‌ ചാന്‍സലര്‍ ചൂണ്ടിക്കാട്ടി. സൈക്കോളജി വിഭാഗത്തിലെ ഡോ.കെ.മണികണ്‌ഠന്‍ പ്രസംഗിച്ചു.