മാനദണ്ഡങ്ങള്‍ ലംഘിച്ച് ക്വാര്‍ട്ടേഴ്‌സുകള്‍ അനുവദിക്കുന്നതില്‍ വ്യാപക പ്രതിഷേധം

മലപ്പുറം:മലപ്പുറത്ത്‌ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായുള്ള എന്‍.ജി.ഒ.ക്വാര്‍ട്ടേഴ്‌സുകള്‍ സ്‌പെഷ്യല്‍ ഓര്‍ഡറിലൂടെ സ്വന്തക്കാര്‍ക്ക് അനുവദിച്ചതില്‍ പ്രതിഷേധിച്ചുകൊണ്ട് എഫ്.എസ്.ഇ.ടി.ഒ യുടെ നേതൃത്വത്തില്‍ സിവില്‍സ്റ്റേഷനില്‍ പ്രതിഷേധ പ്രകടനം നടത്തി.
ക്വാര്‍ട്ടേഴ്‌സിനു വേണ്ടി വര്‍ഷങ്ങളായി കാത്തിരിക്കുന്ന അര്‍ഹരായവരെ അവഗണിച്ചുകൊണ്ടാണ് വകുപ്പ് മന്ത്രിയുടെ സ്‌പെഷ്യല്‍ ഓര്‍ഡറിലൂടെ സ്വന്തക്കാര്‍ക്ക് അനര്‍ഹമായി അനുവദിക്കുന്നതെന്നും എഫ്.എസ്.ഇ.ടി.ഒ ആരോപിച്ചു.
മലപ്പുറത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് താമസിക്കുന്നതിനായി മുണ്ടൂപറമ്പില്‍ പരിമിതമായ എണ്ണം ക്വാര്‍ട്ടേഴ്‌സുകള്‍ മാത്രാമണുള്ളത്. ക്വാര്‍ട്ടേഴ്‌സുകള്‍ ലഭിക്കുന്നതിനു വേണ്ടി നൂറ് കണക്കിന് ജീവനക്കാര്‍ വര്‍ഷങ്ങളായി അപേക്ഷിച്ച് കാത്തിരിക്കുന്നുണ്ട്. എന്നാല്‍ ഇതെല്ലാം മറികടന്നുകൊണ്ടാണ് ഇപ്പോള്‍ രണ്ട് പേര്‍ക്ക് ക്വാര്‍ട്ടേഴ്‌സുകള്‍ അനുവദിച്ചതാണ് വിവാദമായത്.

പ്രതിഷേധ യോഗത്തില്‍ എം.എ. ലത്തീഫ്, കെ. രവീന്ദ്രന്‍ സംസാരിച്ചു. പ്രകടനത്തിന് വി. ശിവദാസ്, എ. അബ്ദുറഹിം മനോജ്, പി. നാരായണന്‍, ടി വേണുഗോപാലന്‍ എന്നിവര്‍ നേതൃത്വം നല്‍കി.