മാധ്യമങ്ങള്‍ക്ക്‌ കൊല്ലത്തും വിലക്ക്‌; ആട്‌ ആന്റണിയുടെ ശിക്ഷാവിധി റിപ്പോര്‍ട്ട്‌ ചെയ്യാന്‍ അനുവദിക്കുന്നില്ല

mediaകൊല്ലം: കൊല്ലത്തും മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ വിലക്ക്‌. കൊല്ലം സെഷന്‍സ്‌ കോടതിയില്‍ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ എത്തുന്നതില്‍ നിന്നാണ്‌ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞിരിക്കുന്നത്‌. അഭിഭാഷകരുടെ ഭീഷണിയെ തുടര്‍ന്നാണ്‌ പോലീസ്‌ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്‌. പൊലീസ് ഡ്രൈവറായിരുന്ന മണിയന്‍പിള്ളയെ കൊലപ്പെടുത്തിയ ആട് ആന്റണിക്കുള്ള ശിക്ഷാവിധി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നാണ് മാധ്യമപ്രവര്‍ത്തകരെ വിലക്കിയിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ കോടതിയിലെത്തിയാല്‍ അഭിഭാഷകരുടെ അക്രമം ഉണ്ടാകുമെന്ന പൊലീസിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ജഡ്ജി മാധ്യമപ്രവര്‍ത്തകരെ തടയുകയായിരുന്നു. അനിഷ്ട സംഭവങ്ങള്‍ ഒഴികവാക്കുന്നതിന് വേണ്ടിയാണ് മാധ്യമ പ്രവര്‍ത്തകരെ വിലക്കുന്നതെന്നാണ് പൊലീസ് നിലപാട്.

മാധ്യമപ്രവര്‍ത്തകരെ കോടതിയില്‍ പ്രവേശിപ്പിക്കരുതെന്ന് അഭിഭാഷകര്‍ ആവശ്യപ്പെട്ടതായി പൊലീസ് വ്യക്തമാക്കി. മാധ്യമ പ്രവര്‍ത്തകരെ കോടതിയില്‍ കയറാന്‍ അനുവദിക്കില്ലെന്ന് ജഡ്ജിയേയും അഭിഭാഷകര്‍ അറിയിച്ചിരുന്നു. ശിക്ഷാവിധിക്ക് ശേഷം ആട് ആന്റണിയെ മാധ്യമങ്ങള്‍ക്ക് വേണ്ടി കോടതിക്ക് പുറത്ത് ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

ആ മാസം 20 ന് ഹൈക്കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അഭിഭാഷകര്‍ നടത്തിയ ആക്രമണത്തിന്റെ തുടര്‍ച്ചയായാണ് കോടതികളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അഭിഭാഷകര്‍ ഏകപക്ഷീയമായി വിലക്ക് ഏര്‍പ്പെടുത്തുന്നത്. ഹൈക്കോടതിയിലെ ആക്രമണത്തിന് തൊട്ടടുത്ത ദിവസം തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ക്രൂരമായ അക്രമം ഉണ്ടായിരുന്നു. ഇതില്‍ നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.