മാതൃദിനത്തില്‍ സ്മൃതി ഇറാനിക്ക് കനയ്യ കുമാറിന്റെ തുറന്ന കത്ത്

ദില്ലി: രാജ്യദ്രോഹികളായ മക്കളുടെ വിവേകമില്ലാത്ത അമ്മയെന്ന് വിശേഷിപ്പിച്ച് മാതൃദിനത്തില്‍ സ്മൃതി ഇറാനിക്ക് കനയ്യ കുമാറിന്റെ തുറന്ന കത്ത്. തെറ്റായ ദിശയിലുള്ള അന്വേഷണത്തിന്റേയും കെട്ടിച്ചമച്ച രേഖകളുടേയും അടിസ്ഥാനത്തില്‍ എങ്ങനെയാണ് അമ്മ തന്റെ മക്കളെ ശിക്ഷിക്കുകയെന്ന് കത്തില്‍ കനയ്യ കുമാര്‍ ചോദിക്കുന്നു. കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രിക്കെതിരെ പരിഹാസം ഉതിര്‍ക്കുക മാത്രമല്ല സര്‍വ്വകലാശാലയില്‍ അച്ചടക്ക നടപടി നേരിട്ട എല്ലാ വിദ്യാര്‍ത്ഥികളുടേയും മാതൃദിന സന്ദേശവും കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നിങ്ങളുടെ മാതൃതുല്യമായ സ്‌നേഹത്തെ പഠിക്കാന്‍ ശ്രമിക്കുകയാണ് ഞങ്ങള്‍. നിങ്ങളുടെയും പൊലീസിന്റേയും ലാത്തിയുടെ ഇടയില്‍ നിന്നുകൊണ്ട് ഞങ്ങള്‍ പഠിക്കുകയാണെന്നും കത്തില്‍ പറയുന്നു. രാജ്യത്ത് ജന്മം തന്ന അമ്മയും ഒപ്പം ഗോമാതാവും മാതൃതുല്യമായ സ്‌നേഹത്തോടെ സ്മൃതി ഇറാനിയെന്ന അമ്മയുമുള്ള മോദി ഭരണത്തിനിടയില്‍ രോഹിത് വെമൂലയെപ്പോലെയുള്ള ഒരാള്‍ എങ്ങനെയാണ് മരിച്ചതെന്ന് ഒരാള്‍ എന്നോട ചോദിച്ചു. അതിന് മറുപടി പറയാന്‍ എനിക്ക് ഉത്തരമില്ല. അതുകൊണ്ടാണ് ഞാന്‍ നിങ്ങളോട് അതേ ചോദ്യം ആവര്‍ത്തിക്കുന്നത്. രോഹിത് വെമുലയുടെ ഫെലോഷിപ്പ് തടഞ്ഞുവയ്ക്കുന്നതിനായും രോഹിത് വെമുലയെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് സ്മൃതി ഇറാനിയുടെ ഭാഗത്തു നിന്നു ഇടപെടലുകളുണ്ടായെന്നും എന്റെ സുഹൃത്ത് പറയുകയുണ്ടായി.

ഇന്ത്യയെപ്പോലെയുള്ളൊരു രാജ്യത്ത് എങ്ങനെ അമ്മയ്ക്ക് തന്റെ മക്കളെ ആത്മഹത്യയിലേക്ക് തള്ളിവിടാന്‍ സാധിക്കും. വ്യാജരേഖകളുടെ പിന്‍ബലത്തില്‍ എങ്ങനെ മക്കളെ ശിക്ഷിക്കാന്‍ സാധിക്കുമെന്നും കനയ്യ കുമാര്‍ കത്തില്‍ ചോദിക്കുന്നു. നിങ്ങള്‍ക്ക് സമയം ലഭിക്കുകയാണെങ്കില്‍ ഈ കത്തിനോട് പ്രതികരിക്കുക. താങ്കള്‍ രാജ്യദ്രോഹികളായ മക്കളുടെ വിവേകമില്ലാത്ത മാതാവാണെന്ന് തന്റെ സുഹൃത്തുക്കളും ആരോപിക്കുന്നുണ്ട്. ഞാന്‍ പറയുന്ന കാര്യങ്ങള്‍ തെറ്റാണെങ്കില്‍ ഈ ആരോപണങ്ങള്‍ താങ്കള്‍ തെറ്റാണെന്നു തെളിയിക്കണമെന്നും കത്തില്‍ കനയ്യ കുമാര്‍ ആവശ്യപ്പെടുന്നു.

അഫ്‌സല്‍ ഗുരു അനുസ്മരണം സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് കനയ്യ കുമാര്‍ കഴിഞ്ഞ ഫെബ്രുവരി മുതല്‍ സര്‍വ്വകലാശാലയില്‍ നിന്നും വിവിധ തരത്തില്‍ അച്ചടക്ക നടപടി തുടരുകയാണ്. ഇതില്‍ പ്രതിഷേധിച്ച കനയ്യ കുമാറിന്റെ നേതൃത്ത്വത്തിലുള്ള നിരാഹാര സമരം പന്ത്രണ്ടാം ദിവസമാണ് അവസാനിപ്പിച്ചത്.