മാതാ അമൃതാനന്ദമയിയെ സാക്ഷിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി

തിരു : ബീഹാറിലെ ഗയ സ്വദേശി സത്‌നാംസിങ് ക്രൂരമായി മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട കേസില്‍ മതാ അമൃതാനന്ദമയിയടക്കം വള്ളിക്കാവ് ആശ്രമത്തിലെ സാക്ഷികളെയെല്ലാം ഒഴിവാക്കി ക്രൈംബ്രാഞ്ചിന്റെ അന്തിമ കുറ്റപത്രം തയ്യാറായി.

പേരൂര്‍കട മാനസികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരും ഡ്യൂട്ടിയിലുണ്ടായിരുന്ന ജയില്‍ വാര്‍ഡന്‍ രോഗം ഭേദമായിട്ടും അവിടെ കഴിഞ്ഞിരുന്ന നാല് അന്തേവാസികള്‍ എന്നിവരാണ് പ്രതിപട്ടികയില്‍ ഉള്ളത്.

വള്ളിക്കാവ് ആശ്രമത്തില്‍ വെച്ച് അമൃതാനന്ദമയിയെ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്നാരോപിച്ച് സത്‌നാംസിങിനെ ആശ്രമത്തില്‍ വെച്ച് മര്‍ദ്ധിക്കുന്നതിന്റെ വീഡിയോദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടും അവര്‍ അത് മുഖവിലയ്‌ക്കെടുത്തിട്ടില്ല. ഇവിടെ വച്ച് മര്‍ദ്ദനമേറ്റ സത്‌നാംസിങിനെയാണ് പോലീസിന് കൈമാറിയതും പിന്നീട് കോടതി റിമാന്റ് ചെയ്തതും. കൊല്ലം ജില്ലാ ജയിലില്‍ അധിക്രമം കാട്ടിയെന്നാരോപിച്ച് പേരൂര്‍കട മാനസികാരോഗ്യാശുപത്രിയില്‍ എത്തിക്കുകയും അന്ന് വൈകുന്നേരം 7.30 മണിയോടെ അബോധാവസ്ഥയില്‍ കണ്ട ഇയാളെ മെഡിക്കല്‍കോളേജില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

അമൃതാനന്ദമയി മഠം മുതല്‍ മാനസികാരോഗ്യ കേന്ദ്രം വരെ പലയിടങ്ങളില്‍ വെച്ചും സത്‌നാംസിങിന് മര്‍ദ്ദനമേറ്റിട്ടുണ്ടെന്ന് പകല്‍പോലെ വ്യക്തമായിട്ടും മാനസികാരോഗ്യ കേന്ദ്രം കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് ക്രൈംബ്രാഞ്ച് താല്പര്യപ്പെടത്.

സത്‌നാംസിങിനെ കസ്റ്റഡിയിലെടുക്കാന്‍ കാരണമായ ആശ്രമത്തിലെ അന്തേവാസികളുടെയും അമൃതാനന്ദമയിയുടെയും മൊഴികള്‍ രേഖപ്പെടുത്തുമെന്നാണ് ആദ്യം ക്രൈംബ്രാഞ്ച് സൂചിപ്പിച്ചെങ്കിലും അന്തിമ കുറ്റപത്രമായപ്പോള്‍ ഇവരാരും സാക്ഷിപട്ടികയില്‍ പോലുമില്ല. അന്വേഷണത്തില്‍ സംതൃപ്തരല്ലാത്ത സത്‌നാംസിങിന്റെ ബന്ധുക്കള്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപക്കുമെന്ന് സൂചനയുണ്ട്.