മാഗി നൂഡില്‍സ്‌ നിരോധനം ശക്തമാക്കിയതായി മന്ത്രി വി.എസ്‌.ശിവകുമാര്‍

download (6)കേന്ദ്ര ഭക്ഷ്യസുരക്ഷാ അഥോറിറ്റി പൊതുജന താത്‌പര്യാര്‍ത്ഥം മാഗി നൂഡില്‍സ്‌ രാജ്യവ്യാപകമായി നിരോധിച്ച സാഹചര്യത്തില്‍ കേരളത്തില്‍ നിരോധനം ശക്തമാക്കിയിട്ടുണ്ടെന്ന്‌ ആരോഗ്യമന്ത്രി വി.എസ്‌.ശിവകുമാര്‍ അറിയിച്ചു. നിരോധിച്ച ഉത്‌പന്നങ്ങള്‍ 14 ജില്ലകളിലും ഇല്ലെന്ന്‌ ഉറപ്പുവരുത്താന്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംസ്‌ഥാന വിപണിയില്‍നിന്നും ഇതിനകം 90 ശതമാനത്തിലധികം മാഗി നൂഡില്‍സ്‌ ഉത്‌പന്നങ്ങളും നീക്കംചെയ്‌തിട്ടുണ്ട്‌. നിരോധിച്ച ഉത്‌പന്നങ്ങള്‍ കൈവശം വയ്‌ക്കുന്നതും കച്ചവടത്തിനായി കൈമാറ്റം ചെയ്യുന്നതും വില്‍ക്കുന്നതും കുറ്റകരമാണ്‌. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അതത്‌ ജില്ലകളിലെ അസിസ്റ്റന്റ്‌ ഫുഡ്‌ സേഫ്‌റ്റി കമ്മീഷണര്‍മാരെ നേരിട്ടോ 1800 4251125 എന്ന ടോള്‍ ഫ്രീ നമ്പരിലോ വിവരം അറിയിക്കണം.

ഈ വിഷയത്തില്‍ സംസ്ഥാനത്ത്‌ നിലവിലുളള സാഹചര്യം വിലയിരുത്തുന്നതിനും നിരോധന നടപടികള്‍ ഏകോപിപ്പിക്കുന്നതിനുമായുളള ഉദ്യോഗസ്ഥതല യോഗം ജൂണ്‍ എട്ടിന്‌ തിരുവനന്തപുരത്ത്‌ വിളിച്ചു ചേര്‍ത്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഇറക്കുമതി ചെയ്‌തവയുള്‍പ്പെടെ, കേരള വിപണിയില്‍ ലഭ്യമായ എല്ലാ ബ്രാന്‍ഡഡ്‌ നൂഡില്‍സുകളും ഭക്ഷ്യസുരക്ഷാ വകുപ്പ്‌ പരിശോധനയ്‌ക്ക്‌ വിധേയമാക്കുന്നുണ്ട്‌. ഫുഡ്‌ സേഫ്‌റ്റി ഓഫീസര്‍മാര്‍ ജില്ലകളില്‍ നിന്നും ശേഖരിച്ച മാഗി നൂഡില്‍സ്‌ സാമ്പിളുകളുടെ രണ്ടാം ഘട്ട പരിശോധനകള്‍ പുരോഗമിക്കുകയാണ്‌. ഫലം ലഭ്യമാക്കുന്ന മുറയ്‌ക്ക്‌ കേന്ദ്ര സര്‍ക്കാരിന്‌ റിപ്പോര്‍ട്ട്‌ നല്‍കുമെന്നും മന്ത്രി അറിയിച്ചു.