മഴയും ഇടിമിന്നലും ; തിരൂരില്‍ വ്യാപകനാശം

തിരൂര്‍ : മഴയും ഇടിമിന്നലും ഉണ്ടായതിനെ തുടര്‍ന്ന് തിരൂരില്‍ വ്യാപകമായ നാശം. മരം വീണ് വീടു തകര്‍ന്നു. വീടിനുള്ളില്‍ തൊട്ടിലില്‍ ഉറങ്ങുകയായിരുന്ന കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു.

തിരൂര്‍ കൂട്ടായി കോതറമ്പ് ഐസ് പ്ലാന്റിന് സമീപത്തെ രായിന്‍ മരക്കാരകത്ത് ഹംസക്കുട്ടിയുടെ വീടാണ് മരം വീണ് തകര്‍ന്നത്. ഓടിട്ട വീട് ഭാഗീകമായി തകര്‍ന്നു. ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി വീട്ടുകാര്‍ പറഞ്ഞു.

ശക്തമായ മിന്നലില്‍ തട്ടാന്‍ പറമ്പില്‍ അറമുഖന്റെയും പുറത്തൂര്‍ വലിയപീടിയേക്കല്‍ സുലൈമാന്റെയും വീടുകള്‍ വിണ്ടു കീറുകയും വൈദ്യുതി ഉപകരണങ്ങള്‍ കത്തി നശിക്കുകയും ചെയ്തു. വില്ലേജ്- പഞ്ചായത്ത് അധികൃതര്‍ക്ക് വീട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ട്.