മലര്‍ന്ന് കിടന്ന് തുപ്പുന്ന മലയാളസിനിമ

പത്മശ്രീ ദത്ത് ഡോക്ടര്‍ സരോജ്കുമാര്‍ ഒരു പുതിയ സിനിമ മാത്രമല്ല പഴയപലതും പുതിയ രീതിയില്‍ വിളിച്ചു പറയുന്ന സിനിമക്കുള്ളിലെ സിനിമയാണ് . വൈശാഖരാജന്‍ നിര്‍മ്മിച്ച സിനിമയുടെ കഥ.തിരക്കഥ സംഭാഷണം ശ്രീനിവാസന്റേതാണ് .2005 ല്‍ സൂപ്പര്‍ഹിറ്റായ ഉദയനാണ് താരം എന്ന സിനിമയുടെ തുടര്‍ച്ചയാണ് ഈ സിനിമ എന്നാണ് പറയപ്പെടുന്നത് . പക്ഷെ ഈ സിനിമയില്‍ ആദ്യസിനിമയിലെ കേന്ദ്രകഥാപാത്രമായ ഉദയന്‍ (മോഹന്‍ലാല്‍) ഒരു പേര് മാത്രമാണ് .

സിനിമ തുടങ്ങുന്നത് ഒരു ചാനല്‍ചര്‍ച്ചയില്‍ നിന്നാകുന്നത് യാദൃശ്ചികമല്ല ബോധപൂര്‍വ്വമാണ്. മലയാളസിനിമ പ്രതിസന്ധിയിലോ എന്ന ചര്‍ച്ച സിനിമക്കകത്തും നടക്കുന്നു. കഥാപാത്രങ്ങള്‍ സാങ്കല്‍പ്പികമാണെന്ന് തുടക്കത്തില്‍ എഴുതിചേര്‍ക്കുമ്പോഴും കഥാപാത്രനിര്‍മ്മിതി ബോധപൂര്‍വ്വംമാണെന്ന് ഏതൊരു പ്രേക്ഷകനും മനസ്സിലാക്കാവുന്നതാണ്.

മലയാളസിനിമയിലെ (വ്യത്യസ്തമാം ) ശ്രീനിവാസന്‍ സിനിമയുമായി വരുമ്പോള്‍ മലയാളി ഒരു മിനിമം പ്രതീക്ഷവച്ചുപുലര്‍ത്താറുണ്ട്. പക്ഷെ ആ പ്രതീക്ഷകള്‍ എവിടെ എത്തുന്നു എന്ന് ആലോചിക്കുമ്പോള്‍ സങ്കടം തോന്നിയേക്കാം ,പലരുടേയും ഗതികേട് ഒര്‍ത്ത് .എന്തിനിത്രയേറെ ചവറ് സിനിമകള്‍ മലയാളത്തില്‍ ഉണ്ടാകുന്നു. എന്നസിനിമക്കുള്ളിലെ ചോദ്യം സിനിമകണ്ടിറങ്ങുന്ന പ്രേക്ഷകനും ചോദിച്ചേക്കാം .രതിനിര്‍വ്വേദമടക്കമുള്ള മലയാളസിനിമയുടെ റിമേക്കിംങ്ങ് ട്രെന്‍ഡിനെ കുറ്റവിചാരണ ചെയ്യുന്നുണ്ട് ഈ എഎശ്രീനിവാസന്‍ ചിത്രം.

ക്രിയാത്മകമായ ഒന്നുമില്ലാതെ ഒരു പരിധിവരെ മറ്റുള്ളവരുടെ കൊള്ളരുതായ്മകള്‍ ആഘോഷിക്കുന്ന മറ്റൊരു കൊള്ളരുതായ്മകള്‍ മാത്രമാവുകയാണ് ഈ സിനിമ .ഏതാനും താരങ്ങള്‍ ചവിട്ടിമെതിച്ച ചെളിയാണ് മലയാളസിനിമ എന്ന് പറയുന്ന മുകേഷിന്റെ കഥാപാത്രം പറയുന്ന ഡയലോഗ് മലയാളചലിചിത്രലോകം വിശകലന വിധേയമാക്കേണ്ടതുണ്ട്. കളിയാക്കാന്‍ വേണ്ടിയുള്ള കളിയാക്കലുകള്‍ സിനിമക്കുള്ളില്‍ കടന്നു വരുമ്പോള്‍ മലര്‍ന്ന്കിടന്ന് തുപ്പുന്ന മലയാളസിനിമയുടെ ദുരവസ്ഥ പ്രേക്ഷകന് ബോധ്യമാകും

സരോജ് കുമാര്‍ എന്ന സിനിമയില്‍ സൂപ്പര്‍ സ്റ്റാര്‍ ആധിപത്യമാണ് കേന്ദ്രബിന്ദു എങ്കിലും മോഹന്‍ലാല്‍ എന്ന താരത്തെയാണ് പ്രധാനമായും സിനിമ ഫോക്കസ് ചെയ്യുന്നത് . സരോജ് കുമാര്‍ എന്നകഥാപാത്രത്തിന്റെ കാട്ടികൂട്ടലുകള്‍ പലതും സൂപ്പര്‍ സ്റ്റാറുകളെ കണക്കറ്റുപരിഹസിക്കാന്‍ വേണ്ടി ബോധപൂര്‍വ്വം സൃഷ്ടിച്ചതാണ് എന്ന് തോന്നും . കേണല്‍ പദവി നേടിയെടുക്കാന്‍ സരോജ് കുമാര്‍ ചെയ്തത് കൂട്ടുന്ന കോപ്രായങ്ങള്‍ ആരെയാണ് ഓര്‍മ്മിപ്പിക്കുന്നതെന്ന് പ്രേക്ഷകന്മനസ്സിലാകും . ജെട്ടിയുടേയും ,തോര്‍ത്ത്മുണ്ടിന്റേയും വരെ പരസ്യത്തില്‍ അഭിനയിക്കുന്ന സിനിമാതാരങ്ങള്‍ പണം കിട്ടിയാല്‍ ഏത് വേഷവും കെട്ടുന്ന കൂടുതന്നെന്ന് സിനിമതന്നെ പറയുന്നു.
സരോജ് കുമാറിനെ കൂടാതെ സിനിമ രണ്ട് സൂപ്പര്‍സ്റ്റാറുകളെ കൂടി പരിചയപ്പെടുത്തുന്നുണ്ട് . മമ്മൂട്ടിയെ സൂചിപ്പിക്കുന്ന താനൂര്‍ അബ്ദുള്ളയും മോഹന്‍ലാലിനെ സൂചിപ്പിക്കുന്ന വട്ടവിള ജയകുമാറും വിമര്‍ശനങ്ങളെ മറികടക്കാന്‍ ശ്രീനിവാസന്റെ കുബുദ്ധിയുടെ സൃഷ്ടിയാണ് ഈ രണ്ട് കഥാപാത്രങ്ങള്‍ .
സിനിമ നിര്‍മ്മിക്കുന്ന അതിമാനുഷിക സങ്കല്‍പങ്ങളെ കണക്കറ്റ് കളിയാക്കുന്ന സരോജ്കുമാര്‍ എന്ന കഥാപാത്രം ഒരു അനിതാര്യതയാണ്. സിനിമ മനുഷ്യന്റെ സ്വഭാവിക ബോധമണ്ഢലത്തെ പരിഹസിക്കുന്ന അമാനുഷിക മായ സൂപ്പര്‍താരങ്ങളെയാണ് പ്രതിഷ്ഠിക്കുന്നത് . എല്ലാം പരിഹരിക്കുന്നക്കുന്ന ഒരു നായകന്‍ സിനിമയിലുണ്ട്. നന്നായി പാടുന്ന നൂറുപേരെ അടിച്ചുമലര്‍ത്തുന്ന നൃത്തം ചെയ്യുന്ന സര്‍വ്വഗുണസമ്പന്നന്‍ പലപ്പോഴും തിരകഥകള്‍ താരങ്ങള്‍ക്കുവേണ്ടി തിരുത്തപ്പെടാറുണ്ട്. സിനിമക്കുള്ളിലെ ഇത്തരം കളികള്‍ സരോജ്കുമാര്‍ പുറത്ത്‌കൊണ്ടുവരുന്നു.
മലയാളസിനിമയിലെ അടിസ്ഥാനപ്രശ്‌നം താരാധിപത്യം മാത്രമാണെന്ന് കരുതാനാവില്ല. ഒരു സാധാരണ പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം സിനിമകാണുന്നതിന്റെ താല്‍പര്യം എന്നത് ആസ്വാദനം അഥവാ നേരമ്പോക്ക് മാത്രമാണ്. കലാമൂല്യമുള്ള സിനിമകളില്‍ ,സൂപ്പര്‍ സ്റ്റാറുകള്‍ അഭിനയിച്ചാലും സിനിമ പരാജയപ്പെടുന്നത് പ്രേക്ഷകന്റെ സിനിമ അവബോധം പിഴച്ചുപോയതുകൊണ്ടാണ്. പ്രേക്ഷകനെ നിരന്തരം ചവറ് സിനിമകള്‍ മാത്രം നല്‍കി കേവലം ഉപഭോക്താവ് മാത്രമാക്കി ചുരുക്കുകയാണ് സംവിധായകരും നിര്‍മാതാക്കളും
എങ്ങനെയാണ് ഒരു സിനിമ സൂപ്പര്‍ഹിറ്റ് ആകുന്നത് ,എന്താണ് അതിനുള്ളമാനദണ്ഢം, പലപ്പോഴും നമ്മുടെ പരിശോധനയുടെ മണ്ഢലങ്ങളില്‍ ഇത്തരം ചോദ്യങ്ങള്‍ കടന്നുവരാറില്ല. സാമ്പത്തിക വിജയം മാത്രം മാനദണ്ഢമാക്കി സിനിമ വിലയിരുത്തപ്പെടുമ്പോള്‍ ലാഭം നേടാനുള്ള കച്ചവടം മാത്രമായി അത് മാറ്റുന്നു.
കച്ചവടഭ്രാന്ത് കയറിയ മലയാള സിനിമയുടെ ചീഞ്ഞളിഞ്ഞ മുഖം മലയാളി പ്രക്ഷകന്റെ മുന്നിലോട്ട് വലിച്ചെറിയികയാണ് സരോജ്കുമാര്‍ ,സൂപ്പര്‍ താരങ്ങള്‍ക്ക് ചുറ്റുമുള്ള സുഖിപ്പിക്കല്‍ സംഘങ്ങളെ സിനിമാലോകം തിരിച്ചറിയണം .
സരോജ് കുമാര്‍ എന്ന സിനിമയുടെ ക്ലൈമാക്‌സ് പ്രതീക്ഷ നല്‍കുന്നു. സൂപ്പര്‍ താരങ്ങള്‍ ചവച്ചു തുപ്പിയകേട്ടുപഴകിയ കഥാപരിസരങ്ങള്‍ക്കുപകരം നവാഗതരായ സംവിധായകരിലും നടന്മാരിലും സിനിമ പ്രതീക്ഷ നല്‍കുന്നു. പുതിയകാലത്ത് പുതിയ അനുഭവ മണ്ഢലങ്ങളും നവഭാവുകത്വമുള്ള സിനിമകളും പ്രേക്ഷകര്‍ക്ക് പ്രതീക്ഷിക്കാം എന്ന ശുഭ സൂചന സിനിമ നല്‍കുന്നു.