മലയാളി നഴ്‌സിന്റെ കൊലപാതകം: ഭര്‍ത്താവും അയല്‍വാസിയും കസ്റ്റഡിയില്‍

chikku-2ദില്ലി: ഒമാനില്‍ മലയാളി നഴ്‌സ് കുത്തേറ്റു മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനേയും പാക് സ്വദേശിയേയും ഒമാന്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തതായി വിദേശകാര്യ വക്താവ് അറിയിച്ചു. അന്വേഷണത്തിന്റെ പ്രാരംഭ നടപടികള്‍ക്കു ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്നും വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു.

കൊലപാതകത്തെ സംബന്ധിച്ച് ചോദ്യം ചെയ്യുന്നതിനായാണ് ലിന്‍സനെയും അയല്‍ക്കാരനായ പാകിസ്ഥാന്‍ സ്വദേശിയെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. മൃതദേഹം ഒമാനില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും അന്വേഷണത്തിന്റെ പ്രാരംഭ നടപടികള്‍ക്കു ശേഷം മാത്രമേ മൃതദേഹം നാട്ടിലേക്കെത്തിക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കുകയുള്ളൂവെന്നും വികാസ് സ്വരൂപ് അറിയിച്ചു.

ബുധനാഴ്ച രാത്രിയാണ് അങ്കമാലി സ്വദേശിനി ചിക്കു റോബര്‍ട്ട് കുത്തേറ്റു മരിച്ചത്. ബദര്‍ അല്‍ സമ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായ ചിക്കു 10 മണിക്ക് ജോലിക്കെത്താത്തതിനെ തുടര്‍ന്ന് ഇതേ ആശുപത്രിയില്‍ റിസപ്ഷനിലിസ്റ്റ് ആയ ഭര്‍ത്താവ് ലിന്‍സണ്‍ വീട്ടില്‍ അന്വേഷിച്ചെത്തിയപ്പോഴാണ് ചിക്കുവിനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നെഞ്ചിലും കഴുത്തിന്റെ പിന്‍ഭാഗത്തും ആഴത്തില്‍ മുറിവേറ്റിരുന്നു. കാതുകള്‍ അറുത്തെടുത്ത നിലയിലായിരുന്നു. മോഷണശ്രമം തടയുന്നതിനിടെ കുത്തേറ്റതാകാം എന്നാണ് പ്രാഥമിക നിഗമനം. മൂന്ന് മാസം ഗര്‍ഭിണിയായിരുന്നു ചിക്കു.