മലബാറിന്റെ റെയില്‍വേ വികസനത്തിന് ചുവപ്പുസിഗ്നല്‍.

2012-13 വര്‍ഷത്തെ റെയില്‍വേ ബജറ്റ് കേരളത്തോട് പൊതുവെ അവഗണന ആണെങ്കില്‍ മലബാറിന് വട്ടപൂജ്യമാണ് കിട്ടിയത്. മധ്യകേരളത്തില്‍ രണ്ട് മെമു അടക്കം മൂന്നു പുതിയ ട്രെയിനുകള്‍ ലഭിച്ചപ്പോള്‍ മലബാറില്‍ ആകെയുണ്ടായ മാറ്റം നിലവില്‍ മൂന്നു ദിവസം ഓടിക്കൊണ്ടിരിക്കുന്ന ചെന്നൈ-മംഗലാപുരം ട്രെയിന്‍ പ്രതിദിനമാക്കിയതുമാത്രമാണ്. പത്ിറ്റാണ്ടുകളായി ആവശ്യപ്പെടുന്ന തിരുന്നാവായ-ഗുരുവായൂര്‍ പാതയെകുറിച്ചോ നിലമ്പൂര്‍-നഞ്ചന്‍കോട് പാതയെ കുറിച്ചോ ബജറ്റില്‍ ഒരു പരാമര്‍ശവുമില്ല.

ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്ന മംഗലാപുരം-പാലക്കാട് ട്രെയിന്‍ കോയമ്പത്തൂര്‍വരെ നീട്ടിയത് കൊണ്ട് ് നേട്ടം തമിഴ്‌നാട്ടുകാര്‍ക്കാണ്. കേരളത്തിന്റെ ഒരു ട്രെയിന്‍ നഷ്ടപ്പെടുകയും ചെയ്തു. മറ്റ് സംസ്ഥാനങ്ങള്‍ റെയില്‍വേ രംഗത്ത് ഏറെ നേട്ടം കൈവരിച്ചപ്പോള്‍ മലബാര്‍ മേഖലയ്ക്ക് ഇപ്പോഴും അവഗണന തന്നെ.

ട്രെയിന്‍ യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവിനെക്കുറിച്ച് പാലക്കാട് ഡിവിഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട് എന്നാല്‍ യാത്രക്കാരുടെ വര്‍ദ്ധനവിന് അനുസരിച്ച് പുതിയ വണ്ടികളോ പുതിയ പാതകളോ അനുവദിക്കാന്‍ റെയില്‍വേ തയ്യാറായിട്ടില്ല. ഇതിനും പുറമെ മലബാര്‍ മേഖലയ്ക്ക് അനുവദിക്കുന്ന ഫണ്ട് പോലും ഇവിടെ ചെലവഴിക്കാതെ മറ്റ് ഭാഗത്തേക്ക് മാറ്റാകുയാണ് ചെയ്യുന്നത്.

റെയില്‍വേ ബജറ്റ് കേരളത്തെയും പ്രതേകിച്ച് മലബാറിനെയും നിരാശപ്പെടുത്തിയെന്ന് മലബാര്‍ റെയില്‍ യൂസേഴ്‌സ് അസോസിയേഷന്‍ യോഗം അഭിപ്രായപ്പെട്ടു.

ഹ്രസ്വദൂര യാത്രക്കായി ഹെമു സര്‍വ്വീസോ പുതിയ എക്‌സ്പ്രസ്സ-പാസഞ്ചര്‍ ട്രെയിനുകളോ അനുവദിക്കാത്തത് മലബാറിനോടുള്ള അവഗണനയാണെന്ന്് കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി പ്രസിഡന്റ് ടി.പി. അഹമ്മദ്‌കോയ പറഞ്ഞു.

കോഴിക്കോട് പിറ്റ് ലൈന്‍, നിലമ്പൂര്‍ നെഞ്ചംകോട് പാത, മദ്രാസ്-കോഴിക്കോട് പുതിയ ട്രെയിന്‍ തുടങ്ങിയ മലബാറുകാരുടെ ആവശ്യത്തിന്‍ യാതൊരും പരിഗണനയും ബജറ്റില്‍ നല്‍കിയില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (ഹസ്സന്‍കോയ വിഭാഗം) ജില്ലാ പ്രസിഡന്റ് കെ. ഹസ്സന്‍കോയ പറഞ്ഞു.