മലബാര്‍ സിമന്റ്‌സ് അഴിമതി: വിഎം രാധാകൃഷ്ണനും മകനുമടക്കം 11 പ്രതികള്‍; വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു

vm-radhakrishnanതിരുവനന്തപുരം: മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസില്‍ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു. ലാമിനേറ്റഡ് ബാഗ് ഇറക്കുമതി നടത്തിയ കേസിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. വിവാദ വ്യവസായി വിഎം രാധാകൃഷ്ണന്‍ മകന്‍ എന്നിവരടക്കം കേസില്‍ 11 പേര്‍ പ്രതികളാണ്. മുംബൈ ആസ്ഥാനമായ കമ്പനിയില്‍നിന്ന് ബാഗ് വാങ്ങുന്നതിനാണ് വിഎം രാധാകൃഷ്ണന്‍ ഇടനില നിന്നതു വഴി 4.59 കോടിയുടെ നഷ്ടം കമ്പനിക്കുണ്ടായി എന്നാണ് കേസ്. തൃശൂര്‍ വിജിലന്‍സ് കോടതിയിലാണ് വിജിലന്‍സ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്.

എം രാധാകൃഷ്ണന്‍ ഉള്‍പ്പെടുന്ന മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസിന്റെ അന്വേഷണം പ്രഹനസനമാണെന്ന് ഹൈക്കോടതി നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു. രാധാകൃഷ്ണന് മുന്നില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഓച്ഛാനിച്ച് നില്‍ക്കുന്ന സാഹചര്യമാണുള്ളതെന്നും കേസ് സംബന്ധിച്ച് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെട്ടില്ലേയെന്നും കോടതി ചോദിച്ചിരുന്നു. കേസില്‍ ആരോപണ വിധേയനായ വ്യവസായി രാധാകൃഷ്ണന്‍ നിയമത്തിന് അതീനനാണോയെന്നും കോടതി ചോദിച്ചു. രാധാകൃഷ്‌ണെ സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്നും കോടതി കുറ്റപ്പെടുത്തിയിരുന്നു.

മലബാര്‍ സിമന്റ്‌സ് അഴിമതി കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെയെല്ലാം ഇടയ്ക്കിടെ സ്ഥലം മാറ്റി കേസ് അട്ടിമറിയ്ക്കാനുള്ള ശ്രമം സജീവമായിരുന്നു. 2003-2006 കാലഘട്ടത്ത് ചാക്ക് വാങ്ങിയതിലാണ് വിജിലന്‍സ് ക്രമക്കേട് കണ്ടെത്തിയത്. അന്നത്തെ മലബാര്‍സിമന്റ്‌സ് എംഡി, വിതരണ കരാര്‍ ഏറ്റെടുത്ത റിഷി പാക്കേജ് എംഡി വിഎം രാധാകൃഷ്ണന്‍, നിതിന്‍ രാധാകൃഷ്ണന്‍ തുടങ്ങി 9 പേരെ കേസില്‍ പ്രതി ചേര്‍ത്തിരുന്നു.