മലപ്പുറത്ത് 12 തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ഭേദഗതിക്ക് അംഗീകാരം

മലപ്പുറം: ജില്ലയിലെ 12 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പദ്ധതി ഭേദഗതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. ജില്ലാ പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് എ.പി. ഉണ്ണിക്യഷ്ണന്‍ അധ്യക്ഷത വഹിച്ചു. സാഗി പഞ്ചായത്തുകളായ പുല്‍പ്പറ്റ,നമ്പ്ര,കല്‍പ്പകഞ്ചേരി, പഞ്ചായത്തുകളുടെ 9.20 കി.മീറ്റര്‍ റോഡുകളുടെ പ്രവര്‍ത്തിക്ക് യോഗം അനുമതി നല്‍കി.

കുടിവെള്ളം, ശ്മശാനം, ശുചിത്വം, ജലമാലിന്യം തുടങ്ങിയ അനുമതി നല്‍കിയ പദ്ധതികള്‍ക്ക് ഭേദഗതി വേണമെങ്കില്‍ ഡി.പി.സി.യുടെ മുന്‍കൂര്‍ അനുമതി വേണമെന്ന് പൊതു നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഇരുമ്പളിയം, പെരുമണ്ണ-ക്ലാരി, ആതവനാട് തുടങ്ങിയ ഗ്രാമ പഞ്ചായത്തുകളുടെ പദ്ധതി ദേദഗതിക്ക് അനുമതി നല്‍കി.

ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി പുരോഗതി അവലോകനവും യോഗത്തില്‍ നടന്നു. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍ ഇതുവരെ 36.2 ശതമാനം പദ്ധതികള്‍ പൂര്‍ത്തിയാക്കി സംസ്ഥാനത്ത് ഒമ്പതാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന പത്തനംതിട്ട 38.59 ശതമാനവും രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന തിരുവന്തപുരം 37.37 ശതമാനവും കൈവരിച്ചിട്ടുണ്ട്. യോഗത്തില്‍ എ.ഡി.എം.ടി.വിജയന്‍, ജില്ലാ പ്ലാനിംഗ് ഓഫിസര്‍ പി. പ്രദീപ് കുമാര്‍,ഡി.പി.സി. അംഗങ്ങള്‍ പങ്കെടുത്തു.